KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തിന് ആവശ്യമായ അരി നല്‍കാമെന്ന നയം കേന്ദ്രം മാറ്റിയതാണ് റേഷന്‍ പ്രതിസന്ധിക്ക് കാരണം: മുഖ്യമന്ത്രി

തിരുവനന്തപുരം >  ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍  അധികാരത്തില്‍ വന്ന ശേഷം ഉണ്ടായതാണ് റേഷന്‍ പ്രതിസന്ധി എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്തരം ആരോപണങ്ങള്‍ വസ്തുതാപരമല്ല. മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഒട്ടേറെ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന നിലക്ക് കേരളത്തിനാവശ്യമായ അരി കേന്ദ്രം നല്‍കാമെന്നായിരുന്നു ഇതുവരെയുള്ള കരാര്‍. ആ നയം മുന്നറിയൊപ്പൊന്നുമില്ലാതെ മാറ്റുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പ്രശ്നങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലമെന്റില്‍ പാസാകുന്നത് 2013ലാണ്. സംസ്ഥാനത്ത് ഈ നിയമം നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളൊന്നും ചെയ്യാതെ പലകാരണങ്ങള്‍ പറഞ്ഞ് അവധി നീട്ടിവാങ്ങുന്ന അവസ്ഥയാണുണ്ടായത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളെല്ലാം തന്നെ നിയമം നടപ്പാക്കി. നിയമം ഇനിയും നടപ്പാക്കാത്ത കേരളത്തിന് അരി തരാന്‍ നിര്‍വാഹമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴേ ഉള്ള അവസ്ഥയാണിത് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കേരളം ഒറ്റക്കെട്ടായി നിന്ന് സമരം നയിച്ചതിന്റെ ഫലമായിട്ടായിരുന്നു സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സമ്പ്രദായം നിലവില്‍ വന്നത്. എന്നാല്‍ 2013ല്‍ പാസായ പുതിയ ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ മുന്‍ഗണനാ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് മാത്രം സൗജന്യ അരി നല്‍കിയാല്‍ മതിയെന്നായി. കേരളത്തിന് മാത്രമായി ഇക്കാര്യത്തില്‍ പ്രത്യേകം ഇളവ് നല്‍കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി നേരത്തേ ബിപിഎല്‍ പട്ടികയിലുണ്ടായിരുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് അരി കിട്ടാത്ത അവസ്ഥ വന്നിരിക്കുകയാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊടുന്നനെ ഉണ്ടായ ഒന്നാണ് റേഷന്‍ പ്രതിസന്ധി എന്ന് വരുത്തിത്തീര്‍ത്ത് സമൂഹത്തില്‍ തെറ്റിധാരണ പടര്‍ത്തുവാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Advertisements

നിലവില്‍ സൗജന്യ അരിക്ക് അര്‍ഹതയില്ലാത്തതും നേരത്തേ സംസ്ഥാന മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതുമായ കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന അരി വിഹിതം വര്‍ധിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതോടൊപ്പം അരിയുടെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നതിന് ആവുന്നതെല്ലാം ചെയ്യും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *