KOYILANDY DIARY

The Perfect News Portal

സംരംഭകനാകാൻ അവസരം: പദ്ധതിക്ക് തുടക്കമാകുന്നു

സംരംഭക വർഷം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും, ഏജൻസികളുടെയും, സംയോജനത്തോടെ 2022-23 സാമ്പത്തിക വർഷത്തിൽ 1 ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകദിന ശില്പശാലകൾ സംഘടിപ്പിക്കും. ഇതിലൂടെ സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് പൊതു ബോധവത്കരണം നൽകും. ഇതിന് ശേഷം ലൈസൻസ് / ലോൺ/ സബ്സിഡി മേളകൾ സംഘടിപ്പിക്കും. ഈ പരിപാടികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വവും വ്യവസായവകുപ്പ് ഏകോപനവും നടത്തും.

പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും BTech/MBA യോഗ്യതയുള്ള ഇന്റേർണിനെ നിയമിക്കും. സംരംഭങ്ങൾക്കാവശ്യമായ ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ ഈ ഇൻ്റേൺസിനെ സമീപിക്കാവുന്നതാണ്. സംരംഭക വർഷം പദ്ധതിയുടെ വിജയത്തിനായി മറ്റ് വകുപ്പുകളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജനം ഈ പദ്ധതിക്ക് അനിവാര്യമായതിനാൽ പദ്ധതിയുടെ മേൽനോട്ടത്തിനും നിർവഹണത്തിനും സംസ്ഥാന-ജില്ലാ-പഞ്ചായത്ത് തലങ്ങളിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പുവരുത്തും.

സംരംഭക വർഷം പദ്ധതി സംസ്ഥാന സർക്കാരിൻ്റെ വ്യവസായ നയങ്ങളുടെ തുടർച്ചയാണ്. പദ്ധതിയിലൂടെ ഒരു ലക്ഷം സംരംഭങ്ങൾ ഉണ്ടാകുന്നു എന്നതിനൊപ്പം തന്നെ പ്രധാനമാണ് ഈ പദ്ധതി ഉണ്ടാക്കുന്ന തൊഴിലവസരങ്ങൾ. 3 ലക്ഷം മുതൽ 4 ലക്ഷം വരെ ആളുകൾക്ക് തൊഴിൽ നൽകുന്ന ബൃഹത്തായൊരു പദ്ധതി കേരളത്തിൻ്റെ എം എസ് എം ഇ മേഖലയ്ക്ക് കുതിപ്പ് നൽകും. ജനങ്ങളുടെ സംരംഭം നാടിൻ്റെ അഭിമാനമാകും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *