ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ചു

തിരുവനന്തപുരം> സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാ(35)ണ് മരിച്ചത്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റ കാര്‍ ഇടിക്കുകയായിരുന്നു
അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. വൈദ്യപരിശോധനയില്‍ ശ്രീറാം മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അതേസമയം, താനല്ല സുഹൃത്ത് വഫ ഫിറോസ് ആണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.എന്നാല്‍ ശ്രീറാം വെങ്കിട്ടറാമനാണ് കാറോടിച്ചിരുന്നതെന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

വിദേശത്ത് നിന്ന് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന് പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു.

കൊല്ലത്ത് സിറാജ് പ്രമോഷന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍. സൂഫിവര്യന് ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടേയും മകനാണ്. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി. തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്.

