KOYILANDY DIARY

The Perfect News Portal

അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട സാബിറയ്ക്ക് തുടര്‍ പഠനം നടത്താൻ അധികാരികളുടെ കനിവ് തേടുന്നു

കൊയിലാണ്ടി: ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി ഓങ്ങോളി നിലം പാറക്കണ്ടി താഴ സാബിറ(36) അധികാരികളുടെ കനിവ് തേടുന്നു. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് പഠിതാവായ സാബിറ മുച്ചക്ര വാഹനത്തിലായിരുന്നു കൊയിലാണ്ടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഠന കേന്ദ്രത്തിലെത്തിയിരുന്നത്. എന്നാല്‍ സാബിറ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ പുറം ലോകം കാണാനോ തുല്യതാ ക്ലാസില്‍ എത്താനോ കഴിയുന്നില്ല. ഇതാണ് സാബിറയെ അലട്ടി കൊണ്ടിരിക്കുന്നത്.
ഇനിയും പഠിക്കണം. പഠിച്ച് പഠിച്ച് ഉയരങ്ങളിലെത്തണം. അഭിഭാഷകയാവണം എന്നൊക്കെയാണ് സാബിറയുടെ മോഹം. എന്നാല്‍ എല്ലാത്തിനും തടസ്സമായി നില്‍ക്കുന്നത് ഇവരുടെ വീട്ടിലേക്ക് സഞ്ചാര മാര്‍ഗ്ഗം അടഞ്ഞു കിടക്കുന്നതാണ്.
ബാപ്പ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഉമ്മയാണ് സാബിറയെ വളര്‍ത്തിയത്. രണ്ട് സഹോദരങ്ങളുമുണ്ട്. ഇതുവരെ പല സ്ഥലങ്ങളിലും വാടകയ്ക്കായിരുന്നു താമസം. ഒരു വര്‍ഷത്തിനിടയിലാണ് പുതിയ സ്ഥലം വാങ്ങി വീട് വെച്ചത്. എന്നാല്‍ ചളിയും വെളളവും നിറഞ്ഞ വയല്‍ വരമ്പിലൂടെ വേണം ഈ വീട്ടിലേക്ക് എത്താന്‍. ചേമഞ്ചേരി ഈസ്റ്റ് യൂ.പി സ്‌കൂളിന് സമീപത്തെ ടാറിട്ട റോഡില്‍ നിന്ന് സാബിറയുടെ വീട്ടിലേക്ക് ചുരുങ്ങിയത് 300 മീറ്റര്‍ സഞ്ചരിച്ചാല്‍ മതി. എന്നാല്‍ ചളി നിറഞ്ഞ പാടവരമ്പിലൂടെ മുചക്ര വാഹനമോടിക്കാന്‍ പോയിട്ട് കാല്‍ നട പോലും അസാധ്യമാണ്.
സാബിറയെ സഹായിക്കാന്‍ റോഡ് നിര്‍മ്മാണത്തിന് സ്ഥലം നല്‍കാന്‍ പരിസര വാസികളെല്ലാം സന്നദ്ധമാണ്. എന്നാല്‍ റോഡ് നിര്‍മ്മാണത്തിന് ഫണ്ടില്ലാത്തതാണ് പ്രധാന വിഷയമെന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍ നിന്നോ ജില്ലാ കലക്ടര്‍ ഇടപെട്ടോ ഫണ്ട് അനുവദിച്ച് തന്നാല്‍ ഇവരുടെ വീട്ടിലേക്ക് എത്രയും പെട്ടെന്ന് റോഡ് സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
സ്‌കൂളില്‍ ഒൗപചാരിക വിദ്യാഭ്യാസമൊന്നും ഇതു വരെ കിട്ടിയിട്ടില്ലാത്ത സാബിറ നാലാം ക്ലാസ് തുല്യതാ പരീക്ഷ നല്ല മാര്‍ക്കോടെ ജയിച്ചതോടെയാണ് തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായത്. തുടര്‍ന്ന് ഏഴാം ക്ലാസും എസ്.എസ്.എല്‍.സിയും പാസായി. പത്താം ക്ലാസ് പരീക്ഷയില്‍ സാബിറയ്ക്കായിരുന്നു പന്തലായനി ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്. കഴിഞ്ഞ വര്‍ഷമാണ് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന് ചേര്‍ന്നത്.
വഴി സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ സാബിറയ്ക്ക് ഇപ്പോള്‍ ക്ലാസില്‍ എത്തിച്ചേരാനാവുന്നില്ല. ഇക്കാര്യത്തില്‍ അവര്‍ തീര്‍ത്തും നിരാശയിലാണ്.
വീട്ടിലേക്ക്  വാഹനം  എത്താന്‍ കഴിയുന്ന ഒരു വഴിയാണ് സാബിറയുടെ ഇപ്പോഴത്തെ ആവശ്യം. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞ ജൂണ്‍19-ന് കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ മറുപടിയൊന്നും വന്നിട്ടില്ല.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഏഞ്ചല്‍സ് സ്റ്റാര്‍സ് ചേമഞ്ചേരി എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറിയാണ് സാബിറ. വീട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയാത്തതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനവും ഇപ്പോള്‍ നിലച്ചിരിക്കുന്ന അവസ്ഥയിലാണെന്ന് സാബിറ പറഞ്ഞു.
Attachments area

 

Leave a Reply

Your email address will not be published. Required fields are marked *