KOYILANDY DIARY

The Perfect News Portal

വൃക്കക്കൊരു തണല്‍ മെഗാ എക്സിബിഷന്‍ ജനുവരി 5 മുതല്‍ 8 വരെ ഓര്‍ക്കാട്ടേരിയില്‍

വടകര : ബ്ലോക്ക് പഞ്ചായത്ത്, ഏറാമല ഗ്രാമപഞ്ചായത്ത്, വോയ്സ് ഓഫ് എളങ്ങോളി, തണല്‍ വടകര എന്നിവ സംയുക്തമായി ജനുവരി 5 മുതല്‍ 8 വരെ ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണല്‍ മെഗാ എക്സിബിഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 5ന് കാലത്ത് 9ണിക്ക് എക്സിബിഷന്റെ ഉദ്ഘാടനം എം.എല്‍.എ സി.കെ നാണു നിര്‍വഹിക്കും. വൃക്ക രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തണല്‍ നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ തുടര്‍ച്ചയാണ് ക്യാംപ്. നേരത്തെ ഏഴോളം കേന്ദ്രങ്ങളില്‍ എക്സിബിഷന്‍ സംഘടിപ്പിക്കുകയും രണ്ടര ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

മനുഷ്യ ശരീരവും, ആന്തരാവയവങ്ങളും പ്രദര്‍ശിപ്പിച്ച്‌ രോഗത്തെയും രോഗ സാധ്യതകളെയും വിശദീകരിച്ച്‌ ബോധവത്കരണം നടത്തിയും മുന്‍കരുതലിന്റെ ജീവിത പാഠങ്ങള്‍ നല്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചും രോഗ സാധ്യത പരിശോധന നടത്തിയും ഏറെ ജനോപകാര പ്രദമായ രീതിയിലാണ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. കോഴിക്കോട്, പരിയാരം എന്നീ മെഡിക്കല്‍ കോളജുകളുടെ സഹകരണത്തോടെയാണ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്.
ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട്, എടച്ചേരി, എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കായാണ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി കോഴിക്കോട് ജില്ലാ സ്നേഹസ്പര്‍ശം, മലബാര്‍ ഗോള്‍ഡ്, ഇഖ്റ ആശുപത്രി എന്നിവയുമായി ചേര്‍ന്ന് ഓര്‍ക്കാട്ടേരി മേഖലയിലെ അയ്യായിരത്തിലധികം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ക രോഗസാധ്യത സ്ക്രീനിങ് നടത്തിയതായും ഭാരവാഹികള്‍ പറഞ്ഞു. 11 പവലിയനുകളാണ് എക്സിബിഷനില്‍ ഒരുക്കുന്നത്. 1 മുതല്‍ 8 വരെ എന്താണ് വൃക്ക, രോഗങ്ങള്‍, ചികിത്സകള്‍, പരിഹാരങ്ങള്‍, ഡയാലിസിസ് ഡെമോ, പ്രതിരോധം, സംരക്ഷണം, അവയവദാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പവലിയനുകളും 9ാം പവലിയന്‍ തണലും തണലിന്റെ പ്രവര്‍ത്തനങ്ങളും 10ല്‍ 24 മിനുട്ട് ദൈര്‍ഘ്യമുളള ഡോക്യുമെന്ററി പ്രദര്‍ശന തിയ്യേറ്ററും 11ല്‍ വൃക്കരോഗ പരിശോധനയുമാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസും രാവിലെ 9 മണിക്ക് ആരംഭിക്കുന്ന എക്സിബിഷന്‍ വൈകീട്ട് 6 മണിക്ക് സമാപിക്കും. പ്രവേശനവും പരിശോധനയും സൗജന്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരന്‍, ടി.ഐ നാസര്‍, ഹമീദ് പോതിമഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *