KOYILANDY DIARY

The Perfect News Portal

വി.മധുസൂദനന്‍ നായര്‍ക്ക് പത്മപ്രഭാപുരസ്കാരO

കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്കാരത്തിന് കവി വി.മധുസൂദനന്‍ നായര്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനും കവി റഫീഖ് അഹമ്മദ്, നിരൂപക എസ്.ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് മധുസൂദനന്‍നായരെ തിരഞ്ഞെടുത്തത്.

മലയാളത്തിന്റെ പാട്ടുകവിതാപാരമ്പര്യത്തില്‍നിന്നും ഊര്‍ജമുള്‍ക്കൊണ്ട് കവിത രചിച്ച മധുസൂദനന്‍ നായര്‍, കവിതയെ സാധാരണമലയാളിയുടെ നിത്യജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാക്കിയെന്ന് വിധിനിര്‍ണയ സമിതി വിലയിരുത്തി. മധുസൂദനന്‍നായരുടെ ‘നാറാണത്തു ഭ്രാന്തന്‍’ എന്ന കവിത മലയാളിയുടെ മനസ്സില്‍നിന്ന് മനസ്സിലേക്ക് എന്നതുപോലെതന്നെ ചുണ്ടുകളില്‍നിന്നും ചുണ്ടുകളിലേക്കും സംഭ്രമാത്മകമായ വിഹ്വലതയായും നൊമ്പരമായും പടര്‍ന്നു.

ജനപ്രിയതയുടെ തലത്തില്‍ നില്‍ക്കുമ്പോഴും മധുസൂദനന്‍നായരുടെ പല കവിതകളുടേയും ഉള്ളുറവ വേദങ്ങളും ഉപനിഷത്തുക്കളും പുരാണേതിഹാസങ്ങളും നാടന്‍ശീലുകളുമാണ്. ഗാന്ധിയും എഴുത്തച്ഛനും ഭാരതീയസംസ്കാരവുമെല്ലാം ഈ സര്‍ഗപ്രതിഭയെ ആഴത്തില്‍ സ്വാധീനിച്ചു. ആര്‍ദ്രമായ ഭാഷയും ഹൃദ്യമായ താളവും അദ്ദേഹത്തിന്റെ കവിതകളുടെ ശരീരവും ആത്മാവുമാകുന്നു. എഴുത്തിന്റെ എണ്ണമല്ല എഴുതുന്നതിന്റെ ഭാവതീവ്രതയാണ് രചനയുടെ മുഖമുദ്രയെന്ന് ഉപാസനപൂര്‍വ്വമുള്ള തന്റെ കാവ്യസാധനയിലൂടെ തെളിയിച്ച ഭാവനാശാലിയാണ് മധുസൂദനന്‍നായര്‍ – സമിതി വിലയിരുത്തി.

1949ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച മധുസൂദനന്‍നായര്‍, മാധ്യമപ്രവര്‍ത്തനത്തിന്റെയും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിഭാഷകവൃത്തിയുടേയും കാലത്തിന് ശേഷമാണ് കോളേജ് അധ്യാപനത്തിലേക്കെത്തുന്നത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജില്‍ മലയാളവിഭാഗം തലവനായിരുന്നു അദ്ദേഹം.

Advertisements

നാറാണത്ത് ഭ്രാന്തന്‍, ഗാന്ധര്‍വ്വം, ഗാന്ധി, അച്ഛന്‍ പിറന്ന വീട് എന്നിവയാണ് പ്രധാന രചനകള്‍. 1992ലെ കവിതയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് നാറാണത്ത് ഭ്രാന്തനായിരുന്നു. 2003ലെ ആശാന്‍ പുരസ്കാരം, 2015ലെ ജന്മാഷ്ടമി പുരസ്കാരം തുടങ്ങിയവ വി. മധുസൂദനന്‍ നായര്‍ക്ക് ലഭിച്ച അംഗീകാരങ്ങളില്‍ ചിലതാണ്.

Leave a Reply

Your email address will not be published. Required fields are marked *