KOYILANDY DIARY

The Perfect News Portal

വിഷുവിനെ വരവേൽക്കാൻ “പണ്ടാട്ടി” പെരുമയുമായ് കൊരയങ്ങാട് തെരു

കൊയിലാണ്ടി: മേട സംക്രമദിനത്തിലെ വിഷുപ്പുലരിയെ വരവേൽക്കാൻ  “പണ്ടാട്ടി” ചമയവുമായ് ഇത്തവണയും കൊരയങ്ങാട് തെരു ഉണരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആഘോഷിച്ച് വരുന്ന  കൗതുകകരമായ വിഷുദിനക്കാഴ്ചയാണ് പണ്ടാട്ടി വരവ്.

ഉത്തരകേരളത്തിലെ പത്മശാലിയ തെരുവുകളിൽ പലയിടങ്ങളിലും പൗരാണിക കാലം മുതൽ പിന്തുടർന്ന് വരുന്ന ആചാരപരമായ ആഘോഷം കൂടിയാണിത്. പ്രാദേശിക ഭേദമനുസരിച്ച് പണ്ടാട്ടി വരവ് “ചപ്പകെട്ട്”, “ചോയികെട്ട് “, “യോഗി പുറപ്പാട് “എന്നിങ്ങനെയും അറിയപ്പെടുന്നു. പണ്ടാട്ടി ആഘോഷത്തിന് പിന്നിൽ ശിവ-പാർവ്വതി സംഗമത്തിന്റെ ദിവ്യാനുഭവമാണ് തെളിയുന്നത്.

വിഷു ദിനത്തിൽ ഭക്തരുടെ ക്ഷേമാന്വേഷണത്തിനായി ശിവ-പാർവ്വതിമാർ വേഷ പ്രഛന്ന
രായി വീടുകൾ തോറും സന്നിഹിതരാവുന്നുവെന്നാണ് സങ്കല്പം. ശിവൻ, പാർവ്വതി, സഹായി എന്നിങ്ങനെയാണ് വേഷപ്പകർച്ച. തണ്ടോടു കൂടിയ ഉണങ്ങിയ വാഴച്ചപ്പയാണ് ശിവ-പാർവ്വതിമാരുടെ വേഷം. ശിരസ്സിൽ വാഴ ഇല കൊണ്ടുള്ള കിരീടം ചൂടും. വെള്ളരിക്ക വട്ടത്തിൽ മുറിച്ചെടുത്ത് കാതിൽ ആഭരണ മണിയും. ചകിരിത്തുമ്പ് കൊണ്ട് മേൽ മീശ വെയ്ക്കും. വേഷപ്രഛന്നരായി ക്ഷേത്രാങ്കണത്തിൽ നിന്നും ആരവങ്ങളോടെ വീടുകളിലേക്കുള്ള സഞ്ചാരം തുടങ്ങും മുമ്പെ മൂന്ന് തവണ ക്ഷേത്ര പ്രദക്ഷിണം ചെയ്യും.

Advertisements

ഓരോ തവണ വലം വെയ്ക്കുമ്പോഴും ‘ഹരേ ശിവ ” നാമം ഉരുവിട്ടു കൊണ്ട് ക്ഷേത്ര സോപാന്നത്തിൽ വടി കൊണ്ട് തട്ടി ആരാദനാ മൂർത്തികളെ ഉണർത്തും. തുടർന്ന് ഗൃഹ സന്ദർശനം തുടങ്ങും. ഗുരു കാരണവന്മാരുടേയും ക്ഷേത്ര ഊരാളന്മാരുടേയും വീടുകളിലാണ് ആദ്യ സന്ദർശനം. യാത്രാമധ്യേ കാണുന്നവരെ ശിവപാർവ്വതിമാർ ആലിംഗനം ചെയ്യും. പണ്ടാട്ടി വരവിനെ സ്വീകരിക്കുന്നതിനായി തെരുവിലെ ഓരോ വീടും പരിസരവും നേരത്തേ തന്നെ ചാണകം തളിച്ച് ശുദ്ധി വരുത്തും.

അകത്തളത്തിൽ പുൽപ്പായ വിരിച്ച് നിലവിളക്ക് തെളിയിച്ച ശേഷം നിറനാഴി, കണി വെള്ളരി, നാളികേരം, ക്ഷേത്ര നിവേദ്യമായ അപ്പം എന്നിവ ഒരുക്കിവെയ്ക്കും. പണ്ടാട്ടി വീട്ടിൽ സാന്നിധ്യമറിയിക്കുന്നതോടെ “ചക്ക കായ് കൊണ്ടുവാ ”മാങ്ങ കായ് കൊണ്ടുവാ” എന്നിങ്ങനെ ആരവമിടും. കൂടെയുള്ളവർ ഇത് ഏറ്റ് പറയും.

തുടർന്ന് കുട്ടികളും മുതിർന്നവരും പടക്കം പൊട്ടിച്ച് ഐശ്വര്യ ദേവന്മാരെ വരവേൽക്കും. പണ്ടാട്ടി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ വീടുകളിൽ നിന്ന് ശേഖരിച്ച ധാന്യവും നാളീകേരവും മറ്റും ഭക്തർക്ക് വീതിച്ച് നൽകുകയാണ് പതിവ്. വിഷുദിനത്തിൽ പണ്ടാട്ടിയെ സ്വീകരിക്കാൻ നിരവധി കുടുംബങ്ങളാണ് കൊരയങ്ങാട് തെരു ഗണപതിക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *