KOYILANDY DIARY

The Perfect News Portal

വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം വീടുകളില്‍ എത്തിക്കാൻ സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതി

തിരുവനന്തപുരം: വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം വീടുകളില്‍ എത്തിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നതിന് 70 ലക്ഷം രൂപ അനുവദിച്ചു. ഒരുനേരത്തെ ഭക്ഷണത്തിന് വഴിയില്ലാത്ത കിടപ്പുരോഗികള്‍, വാര്‍ധക്യം ബാധിച്ചവര്‍, അംഗപരിമിതര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയുടെ ഭാഗമായി വീടുകളില്‍ ഉച്ചഭക്ഷണം എത്തിക്കും.

വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തി ഭക്ഷണം കഴിക്കാന്‍ കാശില്ലാതെ വലയുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കാനായി ഭക്ഷണശാലകളും തുടങ്ങും. കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഭക്ഷ്യ-പൊതു വിതരണവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി.  സൌജന്യനിരക്കില്‍ അരിയും ധാന്യങ്ങളും ലഭ്യമാക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാല്‍ വീടിനുള്ളില്‍ വിശന്നിരിക്കേണ്ടിവരുന്നവര്‍ ഇപ്പോഴുമുണ്ട്. റേഷന്‍ കടകളില്‍ പോയി അരിയും ധാന്യങ്ങളും വാങ്ങാന്‍ കഴിയാത്തവിധം പ്രായമേറിയവരും അസുഖം ബാധിച്ച് കിടപ്പായവരും നിരവധിയാണ്. ഇവര്‍ക്ക് ഒരുനേരത്തെ ഭക്ഷണമെങ്കിലും വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.

Advertisements

സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന,  ഹോട്ടലുകളിലെ ഭീമമായ തുക നല്‍കി ഭക്ഷണം കഴിക്കാന്‍ മാര്‍ഗമില്ലാത്തവര്‍ക്കാണ് നഗരങ്ങളില്‍ ഭക്ഷണശാലകള്‍ തുടങ്ങുന്നത്. വിശപ്പനുഭവിക്കുന്നവര്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള ആശുപത്രികളടക്കമുള്ള സ്ഥലങ്ങളിലാകും ഭക്ഷണശാല തുടങ്ങുക.

ഭക്ഷണശാലകള്‍ക്ക്  ഭക്ഷ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നല്‍കും. പദ്ധതി നടപ്പാക്കുന്നതിനുമുന്നോടിയായി കലക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നവംബര്‍ ആദ്യവാരം യോഗം ചേരും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തും. ഘട്ടംഘട്ടമായി എല്ലാ ജില്ലയിലേക്കും ‘വിശപ്പുരഹിത കേരളം’ പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *