KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: കോളേജിന് വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.വി.എം കോളേജിന് വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ത്ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പരീക്ഷാഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ രഹസ്യമാക്കി വക്കേണ്ടതാണ്. അത് സര്‍വകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്‌സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന അന്നു വൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയില്‍ ബി.വി.എം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു. ഹാള്‍ ടിക്കറ്റി ന്‍റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും എം.ജി സര്‍വകലാശാല വി.സി പറഞ്ഞു. ബി.വി.എം കോളേജ് പ്രിന്‍സിപ്പളിനെ പരീക്ഷ ചുമതലയുള്ള ചീഫ് സുപ്രണ്ട് പദവിയില്‍ നിന്ന് മാറ്റി.

സര്‍വകലാശാല അന്വേഷണസമിതി ഇടക്കാല റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറി. വിശദ റിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിന് ശേഷം സര്‍വകലാശാലയ്ക്ക് കൈമാറും. എല്ലാ കോളേജുകളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും സര്‍വകലാശാല ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *