KOYILANDY DIARY

The Perfect News Portal

വികസന കുതിപ്പിലേക്ക് ബേപ്പൂർ തുറമുഖം

കോഴിക്കോട്: കേന്ദ്ര സർക്കാറിൻ്റെ സാഗർമാല പദ്ധതിയിൽ ഒടുവിൽ ബേപ്പൂർ തുറമുഖം ഇടംനേടി. ഇതുവഴി തുറമുഖ വികസനത്തിന്‌ 62 കോടി കേന്ദ്രഫണ്ടിൽ നിന്ന് ലഭിക്കും. കേരള മാരി ടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യുവിൻ്റെ നിർദേശ പ്രകാരം പ്രത്യേക പ്രതിനിധി സംഘം കേന്ദ്ര അനധികൃതരുമായി ചർച്ച നടത്തിയതോടെയാണ് സാഗർമാല പദ്ധതിയിൽ ബേപ്പൂർ തുറമുഖത്തിന് സാമ്പത്തിക സഹായമനുവദിക്കാൻ തീരുമാനമായത്.

ബേപ്പൂർ തുറമുഖത്തെ പുതിയ വാർഫ് തൊട്ട് പുലിമുട്ട് റോഡ്‌വരെ 150 മീറ്റർ നീളത്തിൽ പുതിയൊരു വാർഫ്കൂടി നിർമിക്കും. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യമാണ്. അതിനുവേണ്ട നടപടികൾ തുറമുഖപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കേരള മാരിടൈം ബോർഡ് സ്വീകരിക്കും. 62 കോടിയിൽ 52 കോടി വാർഫ് നിർമാണത്തിനാണ് വിനിയോഗിക്കുക. 10 കോടി ചെലവിൽ കണ്ടെയ്‌നർ ഗോഡൗൺ ആരംഭിക്കും. തുറമുഖം ആഴംകൂട്ടാനുള്ള നടപടികൾക്കും മുൻതൂക്കം നൽകും.

ലക്ഷദ്വീപ് കപ്പലുകൾക്ക് മാത്രമായി സിൽക്കിന് ആഭിമുഖമായി ലക്ഷദ്വീപ് ഭരണകൂടം നിർമിക്കാൻ തീരുമാനിച്ച പദ്ധതി നടപ്പാവാതെ വന്നതിനാൽ അതും പ്രാവർത്തികമാക്കാൻ കേരളമാരിടൈം ബോർഡ് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും.

Advertisements

ഒട്ടേറെ വികസനപ്രവർത്തനങ്ങൾ തുറമുഖത്തിനു വേണ്ടി സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നേരത്തെ നടത്തിയിരുന്നുവെങ്കിലും ഫണ്ടിന്റെ അപര്യാപ്തകാരണം വിഭാവനംചെയ്ത പദ്ധതികൾ പലതും കടലാസിലൊതുങ്ങുകയായിരുന്നു.

1974-ലാണ് ബേപ്പൂർ തുറമുഖം സർവകാല തുറമുഖമാക്കാൻ മുൻമുഖ്യമന്ത്രി സി. അച്യുതമേനോന്റെ താത്പര്യത്തിൽ നടപടി തുടങ്ങിയത്. ഇതിനായി ഒട്ടേറെ വികസനപദ്ധതികൾക്ക് രൂപംനൽകിയിരുന്നുവെങ്കിലും തുറമുഖത്തിന് അനിവാര്യമായ വാർഫ് സൗകര്യമില്ലാത്തതിനാൽ കപ്പലുകൾക്ക് അനായാസമായി തുറമുഖത്തടുക്കാൻ കഴിഞ്ഞിരുന്നില്ല. കേരള മാരിടൈം ബോർഡ് നിലവിൽവന്നതോടെയാണ് ബോർഡിന്റെ നിരന്തരമായ ഇടപെടൽ കേന്ദ്രത്തിലുണ്ടാവുന്നത്. എം.കെ. രാഘവൻ എം.പി. പാർലമെന്റിൽ ബേപ്പൂർ തുറമുഖപ്രതിസന്ധി പലതവണ സബ്മിഷനായി ഉന്നയിക്കുകയും ചെയ്തിരുന്നു.

ബേപ്പൂർ കോവിലകംഭൂമി സർക്കാർ ഏറ്റെടുത്തതും തുറമുഖവികസനത്തിന് ഏറെ പ്രയോജനകരമായി. കോവിലകം ഭൂമിയിലെ അവകാശികൾക്ക് കൊടുത്തുതീർക്കാനുള്ള തുക നൽകാൻ കളക്ടർ എസ്. സാംബശിവറാവുവിന്റെ സാന്നിധ്യത്തിൽ ചേർന്ന റവന്യൂ-തുറമുഖ ഉദ്യോഗസ്ഥന്മാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *