KOYILANDY DIARY

The Perfect News Portal

വാളയാറില്‍ സമരത്തിന് പോയ യുഡിഎഫ് നേതാക്കള്‍ ക്വാറൻ്റൈനിലേക്ക്

പാലക്കാട്: വാളയാറില്‍ സമരത്തിന് പോയ യു.ഡി.എഫ് നേതാക്കള്‍ ക്വാറൻ്റൈനില്‍ പോകണമെന്ന് നിര്‍ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്. എംപിമാരും എംഎല്‍എമാരും അടക്കമുളള അഞ്ച് പേരാണ് ക്വാറന്റൈനില്‍ പോകേണ്ടത്. വാളയാര്‍ വഴി കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്ക പട്ടികയില്‍ വന്നതോടെയാണ് നേതാക്കള്‍ക്ക് ക്വാറൻ്റൈന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം കടന്നാക്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണി കിട്ടിയിരിക്കുന്നത്.

അന്യസംസ്ഥാനത്ത് നിന്ന് പാസ്സിലാതെ വരുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുളളതാണ്. പാസ്സിലാതെ വന്നവരെ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ തടഞ്ഞതോടെയാണ് യുഡിഎഫ് നേതാക്കള്‍ സമരവുമായി എത്തിയത്. അന്നേ ദിവസം അതിര്‍ത്തി കടന്നെത്തിയവരില്‍ ഒരാള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ സമരസ്ഥലത്ത് ഇയാള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തിലാണ് വാളയാര്‍ അതിര്‍ത്തിയില്‍ ആ സമയത്തുണ്ടായിരുന്ന പൊതുപ്രവര്‍ത്തകര്‍, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ അടക്കമുളളവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംപിമാരായ രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, വികെ ശ്രീകണ്ഠന്‍ എന്നിവരും എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കരെ എന്നിവരും ്ക്വാറന്റെനില്‍ കഴിയണം.

Advertisements

14 ദിവസത്തേക്കാണ് ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം എന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. 50 മാധ്യമപ്രവര്‍ത്തകരും കോയമ്പത്തൂര്‍ ആര്‍ഡിഒയും 5 ഡിവൈഎസ്പിമാരും നൂറോളം പോലിസുകാരും അടക്കം നാനൂറോളം പേരാണ് ക്വാറന്റൈനില്‍ പ്രവേശിക്കുന്നത്. അതേസമയം ഇത് രാഷ്ട്രീയ പകപോക്കലാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പരിശോധന നടത്തിയ ശേഷം മതി ക്വാറന്റൈന്‍ എന്ന് ബെന്നി ബെഹനാന്‍ പറയുന്നു. സാമൂഹിക അകലം പാലിച്ചിരുന്നു എന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. വാളയാറിലെ സമരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അണികള്‍ ഏറ്റുമുട്ടുകയാണ്. യുഡിഎഫ് നേതാക്കള്‍ നിരീക്ഷണത്തില്‍ പോകണെമന്ന് ആരോഗ്യമന്ത്രിയും നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡി എം ഒ യുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡല്‍ ഓഫീസര്‍മാരും , ഡി.എസ്.ഒ, ഫിസിഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗ തീരുമാന പ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.

മിക സമ്പര്‍ക്ക പട്ടിക പ്രൈമറി ഹൈറിസ്‌ക് കോണ്‍ടാക്ട് പ്രൈമറി ലോറിസ്‌ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നും മെയ് ഒമ്പതിന് രാവിലെ 10 ന് വാളയാര്‍ അതിര്‍ത്തിയില്‍ വിവിധ നടപടിക്രമങ്ങള്‍ക്കായി കാത്തുനില്‍ക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട പോലീസുകാരോട് ഹോം ക്വാറന്റയ്നില്‍ പ്രവേശിക്കാന്‍ നിലവില്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വാളയാര്‍ അതിര്‍ത്തിയില്‍ ഇദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ് നഴ്സുമാരും പ്രൈമറി ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ ഐസോലേഷനില്‍ ആക്കിയിട്ടുണ്ട്.

14 ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. 14 ദിവസം നിരീക്ഷണത്തിന് ശേഷം ലക്ഷ്ണങ്ങളില്ലെങ്കിലും സ്രവപരിശോധന നടത്തും. അന്നേദിവസം പാസ് ഇല്ലാതെ എത്തുകയും പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേര്‍ , മേല്‍ പറഞ്ഞ ഹൈ റിസ്‌ക് വിഭാഗത്തിലല്ലാതെ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ എന്നിവര്‍ ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടും.

ഇതിൽ ഉള്‍പ്പെടുന്ന മറ്റു ജില്ലയില്‍ നിന്നുള്ളവരുടെ ലിസ്റ്റ് അതാത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചു കൊടുത്തു വിവരം നല്‍കിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിക്കുന്നു. ഇത്രയും പേര്‍ 14 ദിവസം നിരീക്ഷണത്തില്‍ ഇരിക്കണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും. അല്ലാത്തപക്ഷം ഏഴു ദിവസം നിരിക്ഷിച്ച ശേഷം സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്നും ഡിഎംഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *