KOYILANDY DIARY

The Perfect News Portal

വയനാ വസന്തവുമായി ബ്ലൂമിoഗ് ആർട്സിൻ്റെ പുസ്തക ചങ്ങാതി വീടുകളിൽ

കൊയിലാണ്ടി : മേപ്പയ്യൂർ ലോക്ക്ഡൗൺ തുടരുമ്പോൾ വീട്ടിൽ തളയ്ക്കപ്പെട്ട കുട്ടികൾക്ക് ഇത് നല്ല കാലം. കളിക്കാൻ കൂട്ടില്ലാതെയിരിക്കുന്ന കുട്ടികൾക്ക് ഇനിയുള്ള ദിവസങ്ങളിൽ വായനയുടെ പൂക്കാലമാണ്. സുമംഗലയുടെ പഞ്ചതന്ത്രം, ആൻറൺ ചെക്കോവിന്റെ വാൻഗ, റെഡ്യാർഡ് കിപ്ലിങ്ങിന്റെ കാട്ടിലെ കഥകൾ, ടോട്ടോ-ചാൻ തുടങ്ങി കുട്ടികൾ എക്കാലവും ഹൃദയത്തോട് ചേർക്കുന്ന പുസ്തകങ്ങൾ വീടുകളിലെത്തിച്ച് ഒരു ഗ്രാമത്തിന് ഒന്നാകെ വായനാ വസന്തം സമ്മാനിക്കുകയാണ് ‘പുസ്തക ചങ്ങാതി’. നാട് മുഴുവൻ അച്ചടക്കത്തോടെ വീട്ടിലിരിക്കുമ്പോൾ  ലൈബ്രറിയിൽ അംഗത്വമുള്ള കുട്ടികളുടെ വീടുകളിൽ പുസ്തകമെത്തിച്ച് വേറിട്ട മാതൃക തീർക്കുകയാണ് ബ്ലൂമിoഗ് പ്രവർത്തകർ.
മേപ്പയ്യൂർ പഞ്ചായത്തിൽ കഴിഞ്ഞ 44 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന ബ്ലൂമിoഗ് ആർട്സ് & ലൈബ്രറി പ്രവർത്തകരാണ് അടച്ചു പൂട്ടലിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിന് വായനയുടെ പുതുലോകം തീർക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിയമങ്ങൾ കർശനമായി പാലിച്ച് കൊണ്ടാണ് വീടുകളിൽ പുസ്തകം എത്തിക്കുന്നത്. ബ്ലൂമിoഗ് പ്രവർത്തകർ  കയ്യുറയും മുഖാവരണവും ധരിച്ച് എത്തിക്കുന്ന പുസ്തകങ്ങൾ അടച്ചുപൂട്ടൽ കഴിഞ്ഞതിന് ശേഷം തിരിച്ച് വാങ്ങും. വായിച്ച പുസ്തകങ്ങൾക്ക് മികച്ച ആസ്വാദന കുറിപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക്  ആകർഷകമായ സമ്മാനങ്ങളും നൽകുന്നുണ്ട്.
ബ്ലൂമിംഗ് ലൈബ്രറി അംഗം പി.കെ. ലിയാ ഫാത്തിമക്ക് വീട്ടിലെത്തി പുസ്തകം കൈമാറിക്കൊണ്ട് കെ. പി രാമചന്ദ്രൻ പുസ്തക ചങ്ങാതിക്ക് തുടക്കം കുറിച്ചു. ലൈബ്രറി സെക്രട്ടറി കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് ആർട്സ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ, സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ട്രഷറർ സി. നാരായണൻ എന്നിവർ സംബന്ധിച്ചു.
    

Leave a Reply

Your email address will not be published. Required fields are marked *