KOYILANDY DIARY

The Perfect News Portal

ലൈഫ്‌ ഭവന പദ്ധതി: 1,147 കുടുംബങ്ങൾ കൂടി പട്ടികയിൽ

കോഴിക്കോട്‌: ലൈഫ്‌ ഭവന പദ്ധതി: 1,147 കുടുംബങ്ങൾ കൂടി പട്ടികയിൽ. ലൈഫ്‌ ഭവന പദ്ധതി കരട്‌ പട്ടിക ഒന്നും രണ്ടും ഘട്ട അപ്പീൽ പൂർത്തിയായപ്പോൾ 1,147 കുടുംബങ്ങൾ കൂടി പട്ടികയിൽ  ഇടംപിടിച്ചു. ഇതോടെ ഭൂരഹിത ഭവന രഹിതരും -ഭവന രഹിതരുമായി  29,317 അപേക്ഷകരാണ്‌ ജില്ലയിൽ വീടിന്‌ അർഹർ. ഗ്രാമസഭയുടെ അംഗീകാരത്തോടെ അന്തിമ കരട്‌ 16ന്‌ പ്രസിദ്ധീകരിക്കും. ലൈഫ്‌ പദ്ധതിയുടെ മൂന്ന്‌ ഘട്ടങ്ങളിൽ ഉൾപ്പെടാത്ത ഗുണഭോക്താക്കൾക്കാണ്‌  ‘ലൈഫ്‌–- 2020’ പദ്ധതിയിൽ അർഹത. അപേക്ഷകരിൽ നിന്ന്‌ വിവിധതലങ്ങളിലെ പരിശോധനയിലൂടെ ആദ്യഘട്ടത്തിൽ 28,170 അർഹരെ കണ്ടെത്തിയിരുന്നു. ഇതിൽ 19,735 ഭവനരഹിതരും 8,435 ഭൂരഹിത -ഭവനരഹിതരുമാണ്. രണ്ട്‌ ഘട്ടങ്ങളിലെ അപ്പീലിന്‌ ശേഷമാണ്‌  1,147 കുടുംബങ്ങളെ അധികമായി പട്ടികയിൽ ഉൾപ്പെടുത്തിയത്‌. 

കരട് ലിസ്റ്റ് തദ്ദേശസ്ഥാപനങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 41,841 ഭവന രഹിത അപേക്ഷകളിൽ 20,731 കുടുംബങ്ങളാണ്‌ പട്ടികയിൽ ഉള്ളത്‌. 12,480 ഭൂരഹിത ഭവനരഹിത അപേക്ഷകരിൽ 8,586 കുടുംബങ്ങളുമാണ്‌ കരട്‌ പട്ടികയിൽ. ഗ്രാമസഭകളിൽ മുൻഗണനാ മാനദണ്ഡം ചേർക്കാൻ ഗുണഭോക്താക്കൾക്ക്‌ അവസരമുണ്ട്. ഏതെങ്കിലും ഒരു അപ്പീൽ ഓൺലൈനായി സമർപ്പിച്ചവർക്ക് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മാനദണ്ഡങ്ങൾ അനുസരിച്ച്‌ ഗ്രാമസഭയിൽ ഹാജരാക്കാം. അനർഹരെ ഒഴിവാക്കുന്നതിനുള്ള ആക്ഷേപവും ഗ്രാമസഭയിൽ ഉന്നയിക്കാം.  

ഒന്ന്‌, രണ്ട്‌, മൂന്ന്‌ ഘട്ടങ്ങളിൽ വലിയ മുന്നേറ്റമാണ്‌ ലൈഫ്‌ പദ്ധതിയിൽ ജില്ല കൈവരിച്ചത്‌. ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ട 6,641 വീടുകളിൽ 6,484 എണ്ണം പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ 5,226 അപേക്ഷകരിൽ 5,059 പേർക്ക്‌ വീടായി. മൂന്നാം ഘട്ടത്തിൽ ഭൂമിയില്ലാത്ത 671 പേർക്ക്‌ ഭൂമി നൽകി. 311 അപേക്ഷകരുടെ വീട്‌ നിർമാണം പൂർത്തിയായി. എസ്‌സി–-എസ്‌ടി ഫിഷറീസ്‌ വിഭാഗങ്ങളിലായി 2,083 പേരുടെ പട്ടികയിൽ 805 വീടുകൾ പൂർത്തിയായി.

Advertisements



Leave a Reply

Your email address will not be published. Required fields are marked *