റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ജോയിയുടെ വീട് സന്ദർശിച്ചു

കോഴിക്കോട്: സംസ്ഥാന റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ചെമ്പനോടയിൽ ആത്മഹത്യ ചെയ്ത കർഷകൻ ജോയിയുടെ വീട് സന്ദർശിച്ചു. ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തേ ചെയ്തിരുന്നെങ്കില്‍ എനിക്കെന്റെ ജോയിയെ നഷ്ടപ്പെടുമായിരുന്നോ? ചെമ്ബനോടയില്‍ ആത്മഹത്യ ചെയ്ത കര്ഷകന് തോമസിന്റെ (ജോയ്) ഭാര്യ മോളി തോമസിന്റെ വാക്കുകള്‍ക്ക് മുന്നില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് ഉത്തരമുണ്ടായിരുന്നില്ല.
ഉദ്യോഗസ്ഥരുടെ നീതിനിഷേധംകൊണ്ട് ഭര്‍ത്താവിനെ നഷ്ടമായ മോളിയുടെ സങ്കടങ്ങളെല്ലാം പ്രതിഷേധമായി പുറത്തുവന്നു. ”നിങ്ങളും ഒരു കുടുംബമായി കഴിയുന്ന ആളല്ലെ. ഞാനെന്റെ മൂന്നുമക്കളെയുമായി എന്തുചെയ്യും. ഈ സ്ഥലം ഞാനിനി എന്തുചെയ്യും? തുടരെ ത്തുടരെ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വല്ലാത്ത അവസ്ഥയിലായി.

വില്ലേജ് ഓഫീസിലെ പരിശോധനയ്ക്ക് ശേഷം മരിച്ച തോമസിന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പി.എച്ച്. കുര്യനോട് മോളിതോമസ് സങ്കടക്കെട്ടഴിച്ചത്. ഒരുമണിക്കൂറോളം ക്ഷമാപൂര്വമിരുന്ന് അവരുടെയും ബന്ധുക്കളുടെയും പരാതികള്‍ മുഴുവന്‍ അദ്ദേഹം കേട്ടു. നികുതി അടയ്ക്കാതെ പലതവണ മടക്കിയതും ഉദ്യോഗസ്ഥര്‍തന്നെ സര്‍വേ നമ്ബര്‍ മാറ്റിയതും ഉപദ്രവിച്ചതുമെല്ലാം അവര്‍ വിവരിച്ചു. ഇനി എല്ലാം ശാശ്വതമായി പരിഹരിക്കുമെന്നും ആരാണോ ഉത്തരവാദികള്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും ഉറപ്പുനല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

പിന്നീടെത്തിയ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനോടും മോളി വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച ഗൗരവമായി കാണുമെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട മന്ത്രി പറഞ്ഞു. മക്കള്‍ക്ക് ജോലിനല്കുന്നതും നഷ്ടപരിഹാരം നല്കുന്നതുമുള്പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കും. നിയമവിരുദ്ധമായി കൃഷിഭൂമി വനഭൂമിയാക്കുന്നത് അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.

