KOYILANDY DIARY

The Perfect News Portal

റബര്‍ ബോര്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നു

കോട്ടയം > റബര്‍ കര്‍ഷകരുടെ ആശ്രയ കേന്ദ്രമായിരുന്ന റബര്‍ ബോര്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം കോതമംഗലം, കോട്ടയം വടവാതൂര്‍ മേഖലാ ഓഫീസുകള്‍ പൂട്ടി. പത്ത് ഓഫീസുകള്‍കൂടി പൂട്ടാന്‍ നടപടി തുടങ്ങി. ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഓഫീസ് പൂട്ടുന്നത് കര്‍ഷകരെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അധികൃതര്‍ വിശദീകരണകുറിപ്പ് ഇറക്കി.

റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസുതന്നെ കേരളത്തിന് നഷ്ടമാകുമെന്നാണ് സൂചന. വിവിധ കാര്‍ഷിക ബോര്‍ഡുകള്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര വാണിജ്യമന്ത്രാലയം കേന്ദ്രസര്‍ക്കാരിന് കൈമാറി. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇനി റബര്‍കൃഷി വ്യാപിപ്പിക്കേണ്ടെതെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനം കേരളത്തില്‍ കുറച്ചുകൊണ്ടുവരണമെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.

സബ്സിഡിയടക്കം എല്ലാ ആനുകൂല്യങ്ങളും റീജണല്‍ ഓഫീസിലൂടെയാണ് നല്‍കുന്നത്. നയരൂപീകരണം, ഗവേഷണം തുടങ്ങി ദീര്‍ഘകാല പരിപാടികളാണ് പ്രധാനമായും ഓഫീസ് കേന്ദ്രീകരിച്ചുള്ളത്. മേഖലാ ഓഫീസുകള്‍ പൂട്ടിയും ലയിപ്പിച്ചും ജീവനക്കാരുടെ എണ്ണവും കുറയ്ക്കും. നിര്‍ബന്ധിതവിരമിക്കല്‍ പദ്ധതിയടക്കം ആലോചനയിലുണ്ട്.

Advertisements

മോഡിസര്‍ക്കാര്‍ അധികാരമേറ്റ ഉടനെ റബര്‍നയം പ്രഖ്യാപിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിച്ചിരുന്നു. വാണിജ്യമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ കര്‍ഷകരുടെയും വ്യവസായികളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളായിരുന്നു. പ്രത്യേകനയം രൂപീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനുള്ള യോഗങ്ങള്‍ കൊച്ചിയിലടക്കം നടന്നു. ഡല്‍ഹിയില്‍ യോഗം ചേര്‍ന്നും നയം പ്രഖ്യാപിച്ചെങ്കിലും പുരോഗതി ഉണ്ടായില്ല. ഇപ്പോള്‍ ഈ സമിതിയും മരവിപ്പിച്ചു. പുതിയ നികുതിപരിഷ്ക്കാരങ്ങളും റബര്‍ ബോര്‍ഡിന്റെ വരുമാനം ഗണ്യമായി കുറയ്ക്കും. നിലവില്‍ ഓരോ കിലോ റബറിനും ബോര്‍ഡിനുലഭിച്ചിരുന്ന സെസ് നഷ്ടമാകും.

കയറ്റുമതി സാധ്യതയുള്ള തോട്ടവിളകളുടെ പ്രത്യേക ബോര്‍ഡാണ് പരിഗണനയിലുള്ളത്. സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി അടക്കമുള്ള ബോര്‍ഡുകളുടെ ഏകോപനമാണ് ലക്ഷ്യം. റബര്‍ബോര്‍ഡ് നിര്‍ത്തുന്നതിന് മുന്നോടിയായി റബര്‍ ആക്ട് റദ്ദാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ബില്‍ വന്നേക്കും. 1947 ഏപ്രിലിലാണ് റബര്‍ആക്ട് രൂപീകരിച്ചത്. ഈ നിയമമാണ് ബോര്‍ഡിന്റെ ആധാരശില. റബര്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ച ബോര്‍ഡിന് 14 സംസ്ഥാനങ്ങളില്‍ കൃഷി വ്യാപിപ്പിക്കാനായി. 13 ലക്ഷത്തിലേറെ റബര്‍ കര്‍ഷകര്‍ കേരളത്തിലുണ്ട്. അതിലേറെ തൊഴിലാളികളും മേഖലയെ ആശ്രയിക്കുന്നു. റബര്‍മേഖല തളര്‍ന്നാല്‍ കേരളത്തിലെ സമ്പദ്ഘടനയ്ക്കു കനത്ത ആഘാതമാകും.

 

Leave a Reply

Your email address will not be published. Required fields are marked *