KOYILANDY DIARY

The Perfect News Portal

മഴക്കുഴി നിര്‍മിക്കൂ, വെള്ളം സംരക്ഷിക്കൂ എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ രംഗത്ത്

കോഴിക്കോട് > ഭാവിയില്‍ കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ടി വരുമെന്ന തിരിച്ചറിവോടെ പുതിയ കാലത്തെ നേരിടാനുള്ള ദൗത്യവുമായി യുവജനം രംഗത്ത്. ജില്ലയില്‍ 25,000 മഴക്കുഴികള്‍ നിര്‍മിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനം. മഴയെ വരവേല്‍ക്കാന്‍ എന്ന പേരിലാണ് മഴക്കുഴി നിര്‍മിക്കൂ, വെള്ളം സംരക്ഷിക്കൂ എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്. ഇതിനുപുറമേ പതിനായിരം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യും.

ഒരു യൂണിറ്റില്‍ കുറഞ്ഞത് പത്ത് മഴക്കുഴി നിര്‍മിക്കും. 176 മേഖലാകമ്മിറ്റികളിലായി 2601 യൂണിറ്റുകളാണ് ജില്ലയില്‍ ഡിവൈഎഫ്ഐക്കുള്ളത്. മഴക്കുഴി നിര്‍മാണത്തിന്റെ ബ്ളോക്ക്തല ഉദ്ഘാടനങ്ങള്‍ നടന്നു കഴിഞ്ഞു. മിക്കയിടത്തും മഴക്കുഴി നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

മഴവെള്ള ശേഖരണത്തിന് എറ്റവും ലളിതമായ മാര്‍ഗമെന്ന നിലയിലാണ് മഴക്കുഴി നിര്‍മാണം എന്ന ദൌത്യം ഏറ്റെടുക്കാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചത്. മഴവെള്ളം വീഴുന്നിടത്ത്  വിവിധ രീതികളില്‍ ശേഖരിച്ച് ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കാനാണ് മഴക്കുഴികളുടെ നിര്‍മാണം. ഇതിലൂടെ ജലത്തിന്റെ നല്ലൊരു ഭാഗവും ഭൂഗര്‍ഭ ജലമായി മാറും.

Advertisements

മധ്യവേനലവധിയുടെ കളിയാരവങ്ങള്‍ തീരുന്നതിന് മുമ്പ് നിര്‍ധനരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മേഖലാതലത്തില്‍ കുറഞ്ഞത് 100 പേര്‍ക്ക്  പഠനോപകരണങ്ങള്‍ സമ്മാനിക്കും. ബാഗ്, നോട്ട്ബുക്ക്, പേന, പെന്‍സില്‍, കുട തുടങ്ങിയവയായിരിക്കും വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. 30നകം മഴക്കുഴി നിര്‍മാണവും പഠനോപകരണ വിതരണവും പൂര്‍ത്തീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *