രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പൗരത്വം ബില്ലിലും, ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടത് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിലും പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടന്ന് രാജ്ഭവന് വളപ്പില്‍ കടക്കാന്‍ ശ്രമിച്ചു.
രാജ്ഭവന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നേതാക്കള്‍ ഇടപെട്ടാണ് കനത്ത പ്രതിഷേധം ഉയര്‍ത്തിയ പ്രവര്‍ത്തകരെ ശാന്തരാക്കിയത്.

മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ കനത്ത സുരക്ഷയാണ് പോലീസ് രാജ്ഭവന് മുന്നില്‍ ഒരുക്കിയിരുന്നത്. ഈ രീതിയിലാണ് പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെങ്കില്‍ ഗവര്‍ണറെ വരും ദിവസങ്ങളില്‍ വഴിയില്‍ തടയുമെന്ന് എ.എ.റഹീം പറഞ്ഞു. ഇതുവരെ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചത്. എന്നാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് പോകാന്‍ ഡിവൈഎഫ്ഐക്ക് മടിയില്ലെന്നും റഹീം വ്യക്തമാക്കി.

