KOYILANDY DIARY

The Perfect News Portal

രാത്രിയുടെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്തി

പേരാമ്പ്ര: പേരാമ്പ്ര നഗരത്തിൽ തണ്ണീർത്തടം രാത്രിയുടെ മറവിൽ മണ്ണിട്ട് നികത്തി. പേരാമ്പ്ര ടി.ബി. റോഡിൽ മാർക്കറ്റ് സ്റ്റോപ്പിന് അടുത്ത് ഹാർഡ്‌വേർ ഷോപ്പിന് പിൻവശത്തുള്ള വയലാണ് രാത്രി മണ്ണ് ഇറക്കി നികത്തിയത്. മുൻപ് ഇവിടെ വയൽ നികത്താനുള്ള ശ്രമം നടന്നിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് നിർത്തിയിരുന്നു. മരക്കാടി തോടിലേക്ക് വെള്ളമൊഴുകിപ്പോവുന്ന പ്രധാന തോട് ഉൾപ്പെടെയാണ് നികന്നിരിക്കുന്നത്. ഹാർഡ്‌വേർ ഷോപ്പിൻ്റെ വഴിയിലൂടെയാണ് വാഹനത്തിൽ മണ്ണെത്തിച്ചതെന്നാണ് പരാതി.

സംഭവത്തിൽ പ്രതിഷേധിച്ച് മണ്ണിട്ട് നികത്തിയ ഭൂമിയിലും കടയിലും സി.പി.എം. കൊടികുത്തി. പരാതി ലഭിച്ചതിനെത്തുടർന്ന് മേഞ്ഞാണ്യം വില്ലേജ് ഓഫീസർ കെ.കെ. വിനോദ് സ്ഥലം സന്ദർശിച്ചു. നികത്തിയ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാൻ ഉടമയ്ക്ക് നോട്ടീസ് നൽകുകയും തഹസിൽദാർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തതായി വില്ലേജ് ഓഫീസർ അറിയിച്ചു. വാഹനം കണ്ടെത്താൻ പോലീസിനും വിവരം കൈമാറിയിട്ടുണ്ട്. പേരാമ്പ്ര നഗരപരിധിയിൽ അടുത്തിടെ മറ്റിടങ്ങളിലും തണ്ണീർത്തടങ്ങളും പാടങ്ങളും മണ്ണിട്ട് നികത്തിയിട്ടും മണ്ണെടുത്തുമാറ്റി പൂർവസ്ഥിതിയിലാക്കാൻ നടപടിയുണ്ടായിട്ടില്ല.

ചെമ്പ്ര റോഡിനടുത്ത് സുരഭി റോഡിന് സമീപത്തെ തണ്ണിർതടവും അടുത്തിടെ മണ്ണിട്ട് നികത്തിയിരുന്നു. എൽ.ഐ.സി.ക്ക്. സമീപത്തുള്ള വയൽപ്രദേശത്തും മണ്ണിട്ടുനികത്തിയിട്ടുണ്ട്. എന്നാൽ അടിയന്തരനടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചെങ്കിലും മാസങ്ങൾക്ക് ശേഷവും മണ്ണ് നീക്കംചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *