രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം: സി. കെ. നാണു

കൊയിലാണ്ടി: രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജനതാദൾ (S) നിയമസഭാ കക്ഷി നേതാവ് സി. കെ. നാണു എം.എല്‍.എ. പറഞ്ഞു. പാവപ്പെട്ടവന്റെ പോഷകാഹാരംപോലും ഇല്ലാതാക്കുന്ന തരത്തിൽ എന്ത് ഭക്ഷിക്കണം എന്ന് പോലും സംഘപരിവാരശക്തികൾ തീരുമാനിക്കുന്ന നിലയിലേക്കാണ് രാജ്യം മുന്നോട്ട്പോകുന്നത്.
കശാപ്പ് നിരോധനവും, നോട്ട് നിരോധനവും ഉൾപ്പെടെയുള്ള നടപടികളിൽ വർഗ്ഗീയ ആജണ്ടകൾക്കപ്പുറം കോർപ്പറേറ്റ് താൽപ്പര്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. ജനതാദൾ (S) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അദ്ധ്യക്ഷതവഹിച്ചു. കെ. എൻ. അനിൽകുമാർ, ഉണ്ണി മൊടക്കല്ലൂർ, പി. പി. മുകുന്ദൻ മാസ്റ്റർ, കൊളാറ ശ്രീധരൻ മാസ്റ്റർ, പി, പി, ബാലൻ, കെ. വി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സുരേഷ് മേലേപ്പുറത്ത് സ്വാഗതവും, വി. കെ. കബീർ നന്ദിയും പറഞ്ഞു.

