KOYILANDY DIARY

The Perfect News Portal

യൂസഫ് അലിയുടെ മരണം വിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: കാപ്പാട് മുനമ്പത്ത് ബഷീര്‍പാലോട്ട്കുനി സുഹറാബി ദമ്പതിമാരുടെ മകന്‍ യൂസഫ് അലി (4) യുടെ മരണം വിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വിഷബാധയേറ്റ് ശ്വാസകോശത്തിലും തലച്ചോറിലും നീര്‍ക്കെട്ടുണ്ടായതായാണ് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. പുറത്തുനിന്ന് മറ്റേതെങ്കിലും തരത്തില്‍ വിഷം കുട്ടിയുടെ ഉള്ളില്‍ ചെന്നതായി കണ്ടെത്താത്ത സാഹചര്യത്തില്‍ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയാണെന്നാണ് വ്യക്തമാവുന്നത്.

പുതിയസ്റ്റാന്‍ഡിലെ ബേക്കറിയില്‍ നിന്നുള്ള കുക്കു പുഡ്ഡിങ്ങാണോ, യൂസഫ് അലിയുടെ മാതൃസഹോദരന്റെ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണമാണോ വിഷബാധയ്ക്ക് ഇടയാക്കിയതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോലീസും, ഭക്ഷ്യസുരക്ഷാവിഭാഗവും പരിശോധനയ്ക്കയച്ച സാമ്ബിളുകളുടെ രാസപരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവൂ.

മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സുഹറാബി (38) യുടെ നില ഭേദപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ആസ്പത്രി വിട്ടു. ഭക്ഷ്യവിഷബാധയേറ്റാണ് സുഹറാബിയും അവശനിലയിലായത്. യൂസഫ് അലി പുഡ്ഡിങ്ങിന് പുറമെ വ്യാഴാഴ്ച ഇടിമൂഴിക്കലിലെ മാതൃസഹോദരന്‍ മന്‍സൂറിന്റെ വീട്ടില്‍ നിന്ന് മുട്ടകേക്കും ജ്യൂസും കഴിച്ചിരുന്നു.

Advertisements

യൂസഫ് അലിയും മാതാവ് സുഹറാബിയും മാത്രമാണ് പുഡ്ഡിങ് കഴിച്ചതെന്നിരിക്കെ അതു കഴിക്കാത്ത അര്‍ധസഹോദരി ഫസിലയ്ക്കും ഛര്‍ദിയും വയറിളക്കവുമുണ്ടായതാണ് ഭക്ഷ്യവിഷബാധയുടെ ഉറവിടം സംബന്ധിച്ച സംശയത്തിനിടയാക്കിയത്. തുടര്‍ന്നാണ് കുക്കു പുഡ്ഡിങ്ങിന് പുറമെ യൂസഫ് അലിയുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെടുത്ത ഭക്ഷണത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *