KOYILANDY DIARY

The Perfect News Portal

യുഎപിഎ ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച വിധിപറയും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച വിധിപറയും. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട്നഗര്‍ മണിപ്പൂരി വീട്ടില്‍ അലന്‍ ഷുഹൈബ് (20), കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി ഒളവണ്ണ മൂര്‍ക്കനാട് പാനങ്ങാട്ടുപറമ്ബ് കോട്ടുമ്മല്‍ വീട്ടില്‍ ത്വാഹ ഫൈസല്‍ (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം ആര്‍ അനിത വിധി പറയാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്.

ജാമ്യാപേക്ഷയെ പബ്ലിക് പ്രോസിക്യൂടര്‍ കെ എന്‍ ജയകുമാര്‍ എതിര്‍ത്തു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കെതിരായി കഴിഞ്ഞദിവസം ഹാജരാക്കിയ ലഘുലേഖയും പുസ്തകവുമല്ലാതെ കൂടുതല്‍ തെളിവുകളൊന്നും ചൊവ്വാഴ്ച പ്രൊസിക്യൂഷന്‍ ഹാജരാക്കിയില്ല. കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടില്ല. മാവോയിസ്റ്റ് ബന്ധമെന്നത് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് അലനും ത്വാഹക്കുംവേണ്ടി ഹാജരായ അഡ്വ. എം കെ ദിനേശന്‍ വാദിച്ചു.

ചെറുപ്പക്കാരായ വിദ്യാര്‍ഥികളുടെ ഭാവിതുലക്കുന്നതാണ് പൊലീസ് നടപടി. കണ്ടെത്തിയെന്ന് പറഞ്ഞ് ഹാജരാക്കിയ ലഘുലേഖ ഏത് സംഘടനയുടെതാണെന്നതിനും തെളിവില്ല. പൊലീസ് കെട്ടിച്ചമച്ചതാണിത്. മാവോയിസ്റ്റ് സംഘടനയില്‍ അംഗമാകുന്നതും ബന്ധം പുലര്‍ത്തുന്നതും കുറ്റമല്ല. ഹൈക്കോടതിയും സുപ്രിംകോടതിയും വിവിധകേസുകളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളായ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്നതാണ് പൊലീസ് നടപടി. മാനുഷികത കൂടി പരിഗണിച്ച്‌ ഇരുവര്‍ക്കും ജാമ്യം നല്‍കണമെന്നും വാദിച്ചു. ഈവാദങ്ങള്‍ക്ക് ശേഷമാണ് കോടതി കേസ് വിധിപറയാനായി മാറ്റിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *