KOYILANDY DIARY

The Perfect News Portal

മൂന്നാറിലെ അശാസ്ത്രീയ നിര്‍മ്മാണങ്ങളാണ് ഉരുള്‍പൊട്ടലുകള്‍ക്കു കാരണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ഇടുക്കി: മൂന്നാറിലെ അശാസ്ത്രീയ നിര്‍മ്മാണങ്ങളാണ് ഉരുള്‍പൊട്ടലുകള്‍ക്കു കാരണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. പ്രകൃതി ദുരന്തങ്ങള്‍ പഠിക്കാനെത്തിയ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുരളീധരനാണ് ഈ കാര്യം അറിയിച്ചത് . നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ ഇടുക്കിയില്‍ ഒരു മാസത്തോളം ജിഎസ്‌ഐ പഠനം നടത്തും.മണ്ണ് ധാരാളമുള്ള മൂന്നാറില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

മഴയും ഭൂമികുലുക്കവും സ്ഫോടനങ്ങളുമാണ് ഉരുള്‍പൊട്ടലുകള്‍ക്കു സാധാരണ കാരണങ്ങള്‍.എന്നാല്‍ കനത്ത മഴയാണ് കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ക്കു വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കുന്നിടിച്ച്‌ വലിയ നിര്‍മാണങ്ങള്‍ നടത്തും മുന്‍പു മണ്ണു നീക്കം ചെയ്യുന്നതിനു ബദലായി സ്വീകരിക്കേണ്ട ശാസ്ത്രീയ മര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു .

ശാസ്ത്രീയമായി കെട്ടിടം എവിടെയും നിര്‍മിക്കാം, ഉരുള്‍പൊട്ടിയ പ്രദേശത്ത് പോലും. എന്നാല്‍ കേന്ദ്ര ഭൂമിശാസ്ത്ര സംഘം നല്‍കിയ നിര്‍ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. മൂന്നാറിലെ മണ്ണിന്റെ ഘടന വ്യത്യസ്തമാണ് അതുകൊണ്ടാണു മണ്ണിടിച്ചില്‍ വര്‍ധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ കോളജ് പരിസരത്ത് സംഘം പരിശോധന നടത്തി. മൂന്ന് പേരടങ്ങുന്ന സംഘം ഇടുക്കിയില്‍ പഠനം തുടരും. പഠനം പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *