KOYILANDY DIARY

The Perfect News Portal

മൂന്നാം ഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് 14ന് നടക്കും. നാല് ജില്ലകളിലാണ് വോട്ടെടുപ്പ്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. വൈകീട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക എങ്കിലും പലയിടങ്ങളിലും 3 മണിക്ക് തന്നെ പ്രചാരണ വാഹനങ്ങള്‍ നിര്‍ത്തിയിടണമെന്ന് പോലീസ് നിര്‍ദേശമുണ്ട്. കൊട്ടിക്കലശാത്തിന് അനുമതിയില്ല. എങ്കിലും ഗ്രാമീണ മേഖലയില്‍ ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് എടുത്തുപറയേണ്ടതാണ്. കണ്ണൂരില്‍ ഇടതുപക്ഷത്തിന് ഭരണം പിടിക്കുക അല്‍പ്പം പ്രയാസമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോഴിക്കോട് ഭരണം നിലനിര്‍ത്താനാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. മലപ്പുറത്ത് മുസ്ലിം ലീഗ് വേറിട്ട രാഷ്ട്രീയ നീക്കമാണ് ഇത്തവണ നടത്തിയിരക്കുന്നത്. 90 ശതമാനം സ്ഥാനാര്‍ഥികളും യുവാക്കളാണ് എന്നതാണ് പ്രത്യേകത.

പരിചയ സമ്പന്നര്‍ക്ക് സീറ്റ് നല്‍കിയില്ല എന്നാരോപിച്ച്‌ വിമതശല്യവും പലയിടത്തുമുണ്ട്. എംസി ഖമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് ഉള്‍പ്പെടെ ചര്‍ച്ചയായ കാസര്‍കോട്ട്, മഞ്ചേശ്വരം മേഖലയില്‍ ബിജെപിയും പ്രതീക്ഷയിലാണ്. ഇവിടെ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്.

Advertisements

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം പ്രചാരണം നടത്താന്‍ എന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പലയിടത്തും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. കൂട്ടത്തോടെ വോട്ട് ചോദിച്ചുവരുന്നതും ആള്‍ക്കൂട്ടങ്ങളും വ്യാപകമാണ്. ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്നതോടെ ആശങ്ക തീരുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളും രണ്ടാംഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമായിരുന്നു വോട്ടെടുപ്പ്. 16ന് വോട്ടെണ്ണും. വോട്ടെടുപ്പ് പൂര്‍ത്തിയായ ജില്ലകളില്‍ എല്ലാ മുന്നണികളും കൂട്ടിക്കിഴിക്കലുകളിലാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി മുന്നേറുമോ എന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉറ്റുനോക്കുന്ന ഒരു കാര്യം.

Leave a Reply

Your email address will not be published. Required fields are marked *