മുനമ്പം മനുഷ്യക്കടത്ത‌്: അന്വേഷണത്തിനായി ഓസ്ട്രേലിയന്‍ പൊലീസ് കേരളത്തിലേക്ക്

തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും. വിവരം ഓസ‌്ട്രേലിയന്‍ പൊലീസ‌് കേരള പൊലീസിന‌് കൈമാറി.
മുനമ്പത്തുനിന്ന‌് തമിഴ‌്, സിംഹള വംശജര്‍ ഉള്‍പ്പെടെ 160 പേരെ വിദേശത്തേക്ക‌് കടത്തിയതായി പൊലീസ‌് സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗംപേരും ഓസ‌്ട്രേലിയയില്‍ എത്തി. ഇതുസംബന്ധിച്ച‌് എംബസിയും ഐബിയും ഓസ‌്ട്രേലിയന്‍ ഫെഡറല്‍ പൊലീസിന‌് വിവരം കൈമാറിയിരുന്നു. ഇതോടെയാണ‌് അന്വേഷണത്തിനായി ഓസ്ട്രേലിയന്‍ പൊലീസ‌് എത്തുന്നത‌്.

മുനമ്ബം കേന്ദ്രീകരിച്ച‌് നടന്നത‌് മനുഷ്യക്കടത്താണെന്ന‌് സ്ഥിരീകരിച്ചതായാണ‌് വിവരം.അനധികൃത കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കുന്നുണ്ട‌്. സൗത്ത‌് ഡല്‍ഹിയിലെ അംബേദ‌്കര്‍ കോളനി കേന്ദ്രീകരിച്ചുള്ള റാക്കറ്റാണ‌് മനുഷ്യക്കടത്തിന‌് പിന്നില്‍.

അവരില്‍ ചിലരുടെ വിലാസവും പൊലീസിന‌് ലഭിച്ചു. കൂടുതല്‍ അന്വേഷണത്തിനായി എറണാകുളം റൂറല്‍ അഡീഷണല്‍ എസ‌്പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി. അംബേദ‌്കര്‍ കോളനി കേന്ദ്രീകരിച്ച‌് നടത്തിയ അന്വേഷണത്തില്‍ ചില നിര്‍ണായക വിവരങ്ങള്‍ സംഘത്തിന‌് ലഭിച്ചു.

ശ്രീലങ്കയില്‍നിന്ന‌് ഇന്ത്യയിലെത്തി അഭയാര്‍ഥികളായി കഴിയുന്ന സിംഹളരെ വിവിധ രാജ്യങ്ങളിലേക്ക‌് കയറ്റി അയക്കുന്ന റാക്കറ്റ‌്തന്നെ ഇവിടെ ഉണ്ടെന്നാണ‌് വിവരം. കൊടുങ്ങല്ലൂരില്‍നിന്ന‌് പൊലീസിന‌് ലഭിച്ച ബഗേജില്‍ സിംഹള ഭാഷയിലുള്ള കത്തുകള്‍ കണ്ടെത്തിയിരുന്നു.
അതിനാല്‍ മുനമ്പത്തുനിന്ന‌് പോയവരില്‍ സിംഹളരുമുണ്ടെന്ന നിഗമനത്തിലാണ‌് പൊലീസ‌്. രാമേശ്വരത്തെ മണ്ഡപം ക്യാമ്ബില്‍ സിംഹളര്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട‌്. രാമേശ്വരം ക്യാമ്പിലെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ കേരള പൊലീസ‌് തമിഴ‌്നാട്ടിലേക്ക‌് പോയി. ആന്ധ്രയിലും അന്വേഷണം തുടങ്ങി.
