KOYILANDY DIARY

The Perfect News Portal

മുത്തൂറ്റ്: ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ ധാരണ

കോഴിക്കോട്: മുത്തൂറ്റ്ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വേതന വര്‍ദ്ധന എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തില്‍ അംഗീകരിച്ചു. മാനേജ്‌മെന്റും CITU തൊഴിലാളി യൂണിയനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച.

വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ബ്രാഞ്ചുകളും തുറന്ന് പ്രവര്‍ത്തിക്കും. സമരത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്ന 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും തീരുമാനിച്ചു.

അഞ്ഞൂറ് രൂപ ഇടക്കാലാശ്വാസമായി നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായി മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഫേയ്സ്ബുക്കില്‍ വ്യക്തമാക്കി.നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികള്‍ പൂര്‍ത്തീകരിച്ച്‌ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മാനേജ്‌മെന്റ് അംഗീകരിക്കും.

Advertisements

യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കുക, ശമ്പള വര്‍ധനവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ 52 ദിവസമായി സിഐടിയുവിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിവന്ന സമരമാണ് ഒത്തുതീര്‍പ്പായത്. ഇതിനിടയില്‍ പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല.

മറ്റു തീരുമാനങ്ങള്‍

  • തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും.
  • പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍വ്വീസില്‍ തിരിച്ചെടുക്കും.
  • പണിമുടക്കിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ല.
  • സ്ഥാപനത്തില്‍ സര്‍ട്ടിഫൈഡ് സ്റ്റാന്റിംഗ് ഓര്‍ഡര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച്‌ തൊഴില്‍ വകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും.
  • എല്ലാ ജീവനക്കാര്‍ക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും.
  • തടഞ്ഞുവച്ച 25% വാര്‍ഷിക ഇംക്രിമെന്റ് 1.4.19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *