KOYILANDY DIARY

The Perfect News Portal

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം: സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി കര്‍ണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകരെ അക്രമകാരികളായും അവരുടെ വാര്‍ത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്തതോടെ മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മംഗളുരുവില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മലയാള മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേര്‍ കസ്റ്റഡിയിലാണ്.

Advertisements

മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച്‌ റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്, മീഡിയാവണ്‍, 24 ന്യൂസ് ചാനല്‍ എന്നിവയുടെ പത്ത് പേരടങ്ങുന്ന വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ പൊലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഇവര്‍. ആദ്യം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *