KOYILANDY DIARY

The Perfect News Portal

മഴക്കെടുതി: വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്ന്  അധ്യാപകരുടെ ഗൃഹസന്ദർശനം   

കൊയിലാണ്ടി : ഗവ. മാപ്പിള വിഎച്ച്എസ് സ്കൂളിലെ അധ്യാപകർ വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം നടത്തി. തുടർച്ചയായി വിദ്യാലയത്തിന്  അവധിയായതിനാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹായഹസ്തങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം നടത്തിയത്.
വെള്ളം കയറിയ വീടുകളിലും കാറ്റിലും മഴയത്തും തകർന്ന വീടുകളിലും അധ്യാപകരെത്തിയത് രക്ഷിതാക്കൾക്ക് ആശ്വാസം പകർന്നു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ വീടുകളിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സന്ദർശനം നടത്തിയത്. തീരപ്രദേശത്തെ വലിയ മങ്ങാട്, ഫിഷർമെൻ കോളനി, ഗുരുകുലം ബീച്ച്, ഐസ് പ്ലാന്റ് റോഡ് എന്നിവിടങ്ങളിലെ  വീടുകളിലാണ് ഇരുപത്തിയഞ്ചിൽപരം അധ്യാപകർ വിവിധ ഗ്രൂപ്പുകളായി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത്.
സ്റ്റാഫ് സെക്രട്ടറി പി. കെ. ബാബു, സുരേഷ് പി.എം, ഉണ്ണികൃഷ്ണൻ കെ, പി. വി. പ്രകാശൻ, പി. ടി. ഉണ്ണികൃഷ്ണൻ, ഷബ് ല  കെ,  സിന്ധു. കെ. കെ, സി. കെ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. ദുരിതമനുഭവിക്കുന്ന മുഴുവൻ കുട്ടികളുടെ വീടുകളിലും സഹായമെത്തിക്കുമെന്ന് ഹെഡ്മിസ്ട്രസ് കെ. കെ. ചന്ദ്രമതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *