KOYILANDY DIARY

The Perfect News Portal

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം: മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ വെള്ളയില്‍ ജോസഫ് റോഡ് അറഫ ഹൗസില്‍ ഷാഹില്‍ (22) ലോഡ്ജ്മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്ന തരത്തിലുള്ള സൂചികൊണ്ടുള്ള മുറിവുകള്‍ യുവാവിന്റെ ശരീരത്തിലുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

യുവാവിന് ആന്തരിക രക്തസ്രാവവും ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുമുണ്ടായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. അതേസമയം ലഹരിക്കായി ഉപയോഗിക്കുന്ന ഗുളിക കഴിച്ചതോടെയാണ് ഷാഹിലിന്റെ വായില്‍നിന്ന് നുരയും പതയും വന്നതെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പോലീസിന് നല്‍കിയ മൊഴി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമാവാതെ മരണകാരണം സ്ഥിരീകരിക്കാനാവില്ലെന്ന് അന്വേഷണ സംഘത്തലവനായ മെഡിക്കല്‍ കോളേജ് സി.ഐ. മൂസ വള്ളിക്കാടന്‍ അറിയിച്ചു.

യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പോലീസ് മയക്കുമരുന്ന് വിതരണക്കാരെ കേന്ദ്രീകരിച്ച്‌ അന്വേഷണമാരംഭിച്ചു. മരിച്ച ഷാഹിലിന്റെ സുഹൃത്തായ തന്‍വീര്‍ ഗള്‍ഫിലേക്ക് പോവുന്നതിന്റെ ഭാഗമായാണ് മിംസ് ആസ്​പത്രിക്കു സമീപമുള്ള ലോഡ്ജില്‍ പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന. യുവാക്കള്‍ക്ക് മയക്കുഗുളിക എത്തിച്ചുനല്‍കിയത് കോന്നാട്ട് ബീച്ച്‌ സ്വദേശിയായ ഒരു വിതരണക്കാരനാണെന്നും സൂചനയുണ്ട്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ഷാഹിലിനൊപ്പമുണ്ടായിരുന്ന നടുവട്ടം കണ്ണന്‍തൊടി സ്വദേശി മുഹമ്മദ് ആഷിക്ക്, മാങ്കാവ് സ്വദേശി തന്‍വീര്‍, ഇവരുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന തിരുവണ്ണൂര്‍ സ്വദേശിയായ യുവതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണവുമായും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ നടന്ന കൈയേറ്റവുമായും ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.

Advertisements

യുവാവിന്റെ ദുരൂഹമരണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ മുഴുവന്‍ ലോഡ്ജുകളിലും ഞായറാഴ്ച രാത്രി 11 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിവരെ ഡി.സി.പി. മെറിന്‍ ജോസഫ്, കസബ സി.ഐ. പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. കസബ, ടൗണ്‍ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി പണംവെച്ച്‌ ചീട്ടുകളിച്ച 21 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 99,400 രൂപ പിടിച്ചെടുത്തതായും കസബ സി.ഐ. പി. പ്രമോദ്, ടൗണ്‍ എസ്.ഐ. കെ. ശംഭുനാഥ് എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *