KOYILANDY DIARY

The Perfect News Portal

മരുതമലൈ മാമണിയെ മുരുകയ്യാ

മരുതമലൈ മാമണിയെ മുരുഗയ്യാ എന്ന പ്രസിദ്ധമായ തമിഴ് സിനിമാ പാട്ട് കേള്‍ക്കാത്തവര്‍ ‌ചുരുക്കമായിരിക്കും. കോയമ്പത്തൂരിനടുത്തായാണ് മരുതമലൈ എന്ന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മുരുക ക്ഷേത്രം വളരെ ‌പ്രസിദ്ധമാണ്.

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍

കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ പടിഞ്ഞറായി പശ്ചിമഘട്ട മലനി‌രകളുടെ മടിത്തട്ടില്‍ മരു‌തമലൈ എന്ന പച്ചപ്പ് നിറഞ്ഞ സുന്ദരമായ ഗ്രാമത്തില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ച‌രിത്രം പറയുന്നത്

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആ‌ണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നാണ് ച‌രിത്രം പറയുന്നത്. പഴയകാലത്ത് കൊങു വെട്ടുവ ഗൗണ്ടര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശിലാ ലിഖിതങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ മരു‌തന്‍ എന്നും മരുതാചലന്‍ എന്നും രേ‌ഖപ്പെടുത്തി‌യിട്ടുണ്ട്.

Advertisements

മരുതമലയേക്കുറിച്ച്

ധാരാളം ഔഷധ സസ്യങ്ങള്‍ വളരുന്ന മരുതമല തിരക്കുകളില്‍ നിന്ന് ഒന്ന് റിലാക്സ് ചെയ്യാനും ശുദ്ധവായു ശ്വസിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്.

മണ്ഡപങ്ങള്‍

അടിവാരത്ത് നിന്ന് ചെറിയ കുന്ന് കയറി വേണം ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍. ക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള മണ്ഡപങ്ങളും ഉണ്ട്.

വിനായകര്‍ ക്ഷേത്രം

മുരു‌ക ക്ഷേത്രത്തിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകള്‍ തുടങ്ങുന്ന സ്ഥലത്താണ് വിനായകര്‍ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. ഇത് സ്വയംഭൂ വിനായക ക്ഷേത്രമാണെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിന് 18 പടികള്‍ ഉണ്ട്. ഈ പടി ചവിട്ടി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ശബരിമല ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് തുല്ല്യമാണെന്നാണ് വിശ്വാസം.

ഏഴമത്തെ പടൈവീട്

പ്രശസ്ത മുരുക ക്ഷേത്രങ്ങളായ ആറുപടൈവീടു ക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. മരുതമലൈ മുരുകന്റെ ഏഴാമത്തെ പടൈ വീടാണെന്നാണ് വിശ്വാസികള്‍ കരുതിപ്പോരുന്നത്.

എത്തി‌ച്ചേരാന്‍

കോ‌യമ്പ‌ത്തൂരില്‍ നിന്ന് മരുതമലൈയിലേക്ക് ധാരളം ബസുകള്‍ ഉണ്ട്. മരുതമലയുടെ അ‌‌ടിവാരത്ത് വരെയേ ഈ ബസുകള്‍ പോകറുള്ളു. അവിടെ നിന്ന് ക്ഷേത്രത്തിലേക്ക് മിനിബസുകള്‍ ലഭിക്കും.