KOYILANDY DIARY

The Perfect News Portal

പാലോലെം ‌ബീച്ച്; ഗോവയില്‍ പോയവര്‍ മറക്കില്ല ഈ ബീച്ചിനെ

ഗോവയിലെ ഏറ്റവും സുന്ദരമായ ബീച്ച് ഏതാണെന്ന് ചോദിച്ചാല്‍ പെട്ടന്ന് ഒരു ഉത്തരം നല്‍‌കാന്‍ ആര്‍ക്കും കഴിയില്ല. എന്നാ‌ല്‍ സൗത്ത് ഗോവയിലെ പാലോലെം ബീച്ച് സന്ദര്‍ശിച്ചിട്ടുള്ളവര്‍ തീര്‍ച്ചയായും പറയും പാലോ‌ലെം ബീച്ച് ഗോ‌വയിലെ ഏറ്റവും സുന്ദരമായ ബീച്ചാണെന്ന്.

സുന്ദരമായ തെങ്ങിന്‍‌ത്തോപ്പുകളോട് ‌ചേര്‍ന്ന് കിടക്കുന്ന ഈ ബീച്ച് മൈലുകളോളം അര്‍ധവൃത്താകൃതിയില്‍ പടര്‍‌ന്ന് കിടക്കുകയാണ്. ഈ ബീച്ചിന്റെ മനോഹാ‌‌രിതയാണ് ‌വര്‍ഷവര്‍ഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍‌ദ്ധനവ് ഉണ്ടാക്കുന്നത്.

സൗത്ത് ഗോവയില്‍ മഡ്ഗാവില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഗോവയുടെ തലസ്ഥാനമാ‌യ പനാജിയില്‍ നിന്ന് 76 കിലോ‌മീറ്റര്‍ അകലെയായാണ് ഈ ബീച്ചിന്റെ സ്ഥാനം.

Advertisements

മഡ്ഗാവ് ആണ് പാലോ‌ലെം ബീച്ചി‌ല്‍ എത്തിപ്പെടാന്‍ പറ്റിയ റെയില്‍വെ സ്റ്റേഷന്‍. പാലോലെം ബീച്ചില്‍ നിന്ന് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ കാനകോന (Canacona) ആണ്. ഇവിടെ നിന്ന് പത്ത് മിനിറ്റ് ടാക്സിയില്‍ യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്താം.

പൊതുവെ ചൂടുള്ള കാലവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറു‌ള്ളത്. 20 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടുത്തെ സാധാരണ താപനില. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം രാത്രികാലങ്ങളില്‍ നല്ല തണുപ്പ് അനുഭപ്പെടാറുണ്ട്.

കേരളത്തി‌ല്‍ ലഭിക്കാറുള്ള തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇ‌വിടെയും ലഭിക്കാറുണ്ട്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ഇവിടെ കനത്ത മഴയായിരിക്കും. ഈ കാലയളവില്‍ ബീച്ചിന് ‌സമീപത്തുള്ള കടകളും ഹട്ടുകളും മറ്റും അടച്ചിടാറാണ് പതിവ്.

വീക്കെന്‍ഡ് യാത്രികര്‍ക്കും ദീര്‍ഘനാള്‍ യാത്രികര്‍ക്കുമൊക്കെ പോകാന്‍ പറ്റിയ സ്ഥലമാണ് ഈ ബീച്ച്. ഇവിടെ കട‌ലിന് അത്ര ആഴമില്ല അതിനാല്‍ കുട്ടികളെക്കൂട്ടി കടലില്‍ ഇറങ്ങാനും മറ്റും നിരവധി ആളുകള്‍ ഇവിടെ എ‌ത്താറുണ്ട്.

റിലാക്സേഷന്‍ ആഗ്രഹിക്കുന്നവര്‍ക്കും സാഹസികത ആഗ്രഹിക്കുന്നവര്‍ക്കും പറ്റിയ ബീച്ചാണ് ഈ ബീച്ച്. ഇവിടെ നിന്ന് ബോട്ടില്‍ കയറി ഡോള്‍ഫിനുകളെ കാണാന്‍ പോകാം. ഇവിടുത്തെ ബാക്ക് വാട്ടറില്‍ കൂടി ബോട്ടിംഗ് നടത്തുന്നവരും ധാരളമുണ്ട്.

കായാക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ടസ്ഥ‌ലമാണ് ഈ ബീച്ച്. ഇവിടെ നിന്ന് കയാക്ക് വാടകയ്ക്ക് ലഭിക്കുന്നതാണ്.

വേലിയിറക്ക സമയത്ത് ഇവിടെ നിന്ന് ബട്ടര്‍ഫ്ലൈ ബീ‌ച്ചിലേക്ക് നട‌ന്ന് പോകാന്‍ കഴിയും. വേലിയേറ്റ സമയത്ത് ഒരു ദ്വീപായി ബട്ടര്‍ഫ്ലൈ ബീച്ച് മാറും.

ഈ ‌ബീച്ചിന് അധികം അകലയല്ലാതെ സ്ഥിതി ചെയ്യു‌ന്ന ഒരു വന്യ ജീവി സങ്കേതമാണ് കോട്ടിഗാവൊ. ഒരു ഡേ ട്രിപ്പിന് സമയമുണ്ടെങ്കില്‍ അവിടേയ്‌ക്ക് ഒരു യാത്രയും ആകാം.

ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് ഇവിടുത്തെ പീക്ക് സീസണ്‍ ഈ സമയങ്ങളിലൊഴികെ മറ്റ് സമയം യാത്ര ചെയ്യുന്നവര്‍ ഇവിടെ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. യാത്ര പോകുമ്പോള്‍ കയ്യില്‍ ഒരു ടോര്‍ച്ച് കരുതാന്‍ മറക്കേണ്ട.