മകര വിളക്കിനോടനുബന്ധിച്ച് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചാല്‍ ദര്‍ശന പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തും

തിരുവനന്തപുരം> മകര വിളക്കിനോടനുബന്ധിച്ച് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചാല്‍ ദര്‍ശന പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. മകരവിളക്ക് ദര്‍ശിക്കുന്നതിനായി ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്ന പുല്‍മേട് പ്രദേശം സന്ദര്‍ശിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. കാനനപാതയിലെ അഴുതയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തീര്‍ത്ഥാടന പാതയില്‍ നാല് ഇടങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കരിമലക്കോട്ടയില്‍ നാളികേരം ഉടയ്ക്കുന്ന സ്ഥലവും ഭണ്ഡാരവും പുതുക്കി നിര്‍മ്മിച്ചു. ഭക്തര്‍ക്ക് ചുക്കുവെള്ളം സൗജന്യമായി വിതരണം ചെയ്യും. സന്നിധാനത്തെ മാഗുഡ വിശ്രമ കേന്ദ്രത്തില്‍ 3.1.2016 മുതല്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് അന്നദാനം നടത്തും. അടുത്ത വര്‍ഷത്തെ നിറപുത്തരിക്ക് ആവശ്യമായ നെല്ക്കതിര് അച്ചന്‍കോവിലിലെ ക്ഷേത്രഭൂമിയില്‍ കൃഷിചെയ്ത് കൊണ്ടുവരുമെന്നും എരുമേലിയുടെ മഹത്വം വിളിച്ചോതുന്ന രീതിയിലുള്ള മതേതര സിമ്ബോസിയം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ സന്നിധാനം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.സോമശേഖരന്‍ നായര്‍, ദേവസ്വം പി.ആര്.ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ പങ്കെടുത്തു.
