ഭാരത് ബന്ദ്: കൊയിലാണ്ടിയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം

കൊയിലാണ്ടി: കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സംയുക്ത ട്രോഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലകളുടെ സ്വകാര്യ വത്കരണം ഉപേക്ഷിക്കുക. പെട്രോൾ ഡീസൽ വില കുറയ്ക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് രാജ്യ വ്യാപകമായി എല്ലാ മേഖലയിലെയും തൊഴിലാളികൾ അണിനിരക്കുന്ന ബന്ദിന് ആഹ്വാനം നൽകിയത്. കൊയിലാണ്ടി ദേശീയപാതിയിൽ പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. നേതാവ് ഇ. കെ. അജിത്ത് അദ്ധ്യക്ഷതവഹിച്ചു.

മുൻ എംഎൽഎ സിഐടിയു നേതാവുമായ കെ. ദാസൻ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ, ഐ,എൻ.ടി.യു.സി. നേതാവ് വി.ടി. സുരേന്ദ്രൻ, കിസാൻസഭ നേതാവ് പി.കെ. വിശ്വനാൻ, എഡ്വ. എസ്. സുനിൽ മോഹൻ, എസ്.ടി.യു. നേതാവ് റാഫി തുടങ്ങിയവർ സംസാരിച്ചു. സിപിഐ(എം) നേതാക്കളായ ടി. കെ. ചന്ദ്രൻ, അഡ്വ. കെ. സത്യൻ, മത്സ്യതൊഴിലാളി യൂണിയൻ (CITU) ഏരിയാ സെക്രട്ടരി സി.എം. സുനിലേശൻ, പി.കെ. ഭരതൻ, പി.വി. സത്യനാഥൻ, മോട്ടോർ തൊഴിലാളികൾ, വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. സിഐടിയു കൊയിലാണ്ടി ഏരിയാ സെക്രട്ടറി എം.എ. ഷാജി സ്വാഗതം പറഞ്ഞു.


