ബീച്ചാശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

കോഴിക്കോട്: താത്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ ഫണ്ട് കണ്ടെത്തുന്നതിനു ബീച്ചാശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. രണ്ടു രൂപയായിരുന്ന ഫീസ് അഞ്ചു രൂപയാക്കി. അത്യാഹിത വിഭാഗത്തിലെ സേവനത്തിനു അഞ്ച് രൂപ ടിക്കറ്റ് ഏർപ്പെടുത്തി. ഒ.പി ഇല്ലാത്ത സമയത്ത് അത്യാഹിത വിഭാഗത്തിൽ എത്തുന്നവരിൽ നിന്നാണ് ഫീസ് ഈടാക്കുക. എന്നാൽ അവശരായ രോഗികളോട് ഫീസ് ഈടാക്കില്ല. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം.
എച്ച്ഡിഎസ് , ആർഎസ്ബിവൈ ഫണ്ടുകൾ ഉപയോഗിച്ചു നിയമിച്ച താത്കാലിക ജീവനക്കാരാണ് വർഷങ്ങളായി വേതന വർധനവ് ആവശ്യപ്പെടുന്നത്. 310, 290 എന്നിങ്ങനെയാണ് നിലവിൽ ഇവരുടെ ദിവസ വേതനം. എച്ച്ഡിഎസ് മുഖേന നിയമിച്ച 13 സെക്യൂരിറ്റി ജീവനക്കാർ, എട്ട് കൗണ്ടർ സ്റ്റാഫുകൾ എന്നിവർക്ക് 50 രൂപ വീതവും, ഓഫീസ് ക്ലാർക്കിന് 75 രൂപയും വർധിപ്പിക്കും. ആർഎസ്ബിവൈ വഴി നിയമിച്ച ജീവനക്കാർക്കും 50 രൂപ വീതം വർധിപ്പിക്കും. 55,000 രൂപയുടെ അധികച്ചെലവാണ് ഈ ഇനത്തിൽ ഉണ്ടാകുക.

നിലവിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ ഏകദേശ കണക്കനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടുന്നതു വഴി 60,000 രൂപ അധികം ലഭിക്കും. രോഗികളുടെ എണ്ണം വർധിച്ചു വരുന്നതിനാൽ ഒപി ടിക്കറ്റ് കൗണ്ടറിന്റെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ രണ്ട് കൗണ്ടറുകളാണുള്ളത്.

പുതുതായി തുടങ്ങുന്ന കൗണ്ടറിൽ ജീവനക്കാരെ നിയമിക്കുന്നതിനും സൗകര്യങ്ങളൊരുക്കുന്നതിനും ടിക്കറ്റ് നിരക്ക് വർധനയിൽ നിന്നുള്ള മിച്ചം ഉപയോഗിക്കും. രോഗികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനാണ് മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഉമ്മർ ഫാറൂഖ് പറഞ്ഞു.

അതേ സമയം നിരക്കു വർധനവിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. തീരദേശ മേഖലയിലുള്ള നിർധനരാണ് കൂടുതലായും ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
