KOYILANDY DIARY

The Perfect News Portal

ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍

തൃശൂര്‍: ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ ഇടപാടുകാരെ കബളിപ്പിച്ച്‌ പണം തട്ടുന്ന സംഘത്തലവന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ചാലക്കുടി എ.ടി.എം. കവര്‍ച്ചാ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍. ഗുജറാത്ത് വല്‍സാഡ് സീട്ടിയ നഗര്‍ സ്വദേശിയും ‘മോത്തി ഹാരി ഡഗ്’ എന്നറിയപ്പെടുന്ന സംഘത്തിന്റെ തലവനുമായ ഉപേന്ദ്രപ്രതാപ് ലലന്‍ സിങ് (40), ബിഹാര്‍ പൂര്‍വ ചമ്ബാരന്‍ ചോട്ടാ ബാരിയപൂര്‍ അങ്കൂര്‍ കുമാര്‍ (28) എന്നിവരാണു ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ഗുജറാത്തിലെ വല്‍സാദില്‍ ബ്രോക്കറായി ജോലി ചെയ്തിരുന്ന ഉപേന്ദ്ര പ്രതാപ് ലലന്‍ സിങ് സംഘാങ്ങളു മൊത്ത് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചാണു തട്ടിപ്പു നടത്തുന്നത്.ബാങ്കുകളിലും മാറ്റും ഇടപാടുകള്‍ക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ സമീപിച്ച്‌ അടയ്ക്കാന്‍ കൊണ്ടുവരുന്ന പണത്തിന്റെ ഇരട്ടിത്തുക വാഗ്ദാനം ചെയ്യും. കള്ളപ്പണമായതിനാലാണ് കൂടുതല്‍ പണം നല്‍കുന്നതെന്നു പറഞ്ഞാണു വിശ്വസിപ്പിക്കുക.

നോട്ടുകെട്ടിന്റെ മുകളിലും യഥാര്‍ഥ നോട്ടുകള്‍വച്ച്‌, ഇടയില്‍ ഇതേ അളവിലുള്ള കടലാസുകള്‍ വച്ച്‌ കെട്ടുകളാക്കി തുക കൈമാറി നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലംവിടുകയാണു പതിവ്. ഇക്കുറി പുനെയില്‍നിന്നു ഗോവയിലേക്കുവന്ന സംഘം തട്ടിപ്പു നടത്താന്‍ മൂന്നുദിവസം തങ്ങിയെങ്കിലും പിന്നീടു മംഗലാപുരം വഴി കേരളത്തില്‍ തട്ടിപ്പിനെത്തുകയായിരുന്നു. സമീപ ദിവസങ്ങളില്‍ മൂന്നു ജില്ലകളിലായി നടന്ന എ.ടി.എം. കവര്‍ച്ചകളോടനുബന്ധിച്ച്‌ പോലിസ് സംഘം നടത്തിയ അന്വേഷണത്തിനിടെയാണ് ‘മോത്തി ഹാരി ഡഗ് ‘ എന്നറിയപ്പെടുന്ന സംഘങ്ങള്‍ ദക്ഷിണേന്ത്യയിലെത്തിയത് അറിഞ്ഞത്.

Advertisements

പ്രത്യേക അന്വേഷണ സംഘം നടത്തിയ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് വടകര പോലീസിന്റെ സഹായത്തോടെ ചോമ്ബാലയില്‍ ഇവര്‍ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവരെ അങ്കമാലി പോലിസിനു കൈമാറി. 2017ല്‍ അങ്കമാലി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പണമടയ്ക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ സമാന രീതിയില്‍ കബളിപ്പിച്ച്‌ അരലക്ഷത്തിലേറെ രൂപ കവര്‍ന്നതിന് അങ്കമാലിയില്‍ ഇവര്‍ക്കെതിരേ കേസുണ്ട്. കേസില്‍ ജാമ്യമെടുത്ത് വടക്കേ ഇന്ത്യയിലേക്കു മുങ്ങി. ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന വ്യാജേന ആഡംബര ഹോട്ടലുകളിലാണ് ഇവര്‍ മുറിയെടുക്കുന്നത്.

ബാങ്കിലും മറ്റുമെത്തുന്ന പരിചയക്കുറവുള്ളവരെ പ്രത്യേകം നിരീക്ഷികുന്ന സംഘം സഹായിക്കാനെന്ന വ്യാജേന അവരെ സമീപിക്കയും തുക വാഗ്ദാനം ചെയ്യുകയുമാണ് പതിവ്. ഇവര്‍ സംസാരിച്ചു നില്‍ക്കുമ്ബോള്‍ മറ്റൊരു സംഘാഗം വന്ന് പണം ഇവരെ ഏല്‍പിച്ച്‌ ഇരട്ടിപ്പണം വാങ്ങുന്നെന്ന് അഭിനയിച്ചു വിശ്വാസം നേടുകയുമാണ് ഇവരുടെ ശൈലി. കബളിപ്പിക്കല്‍ നടന്നാല്‍ ഉടന്‍ വാഹനത്തില്‍ രക്ഷപെടുകയും ചെയ്യും. ഇത്തവണ കേരളത്തിലെത്തിയതും പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈകളില്‍ കുടുങ്ങുകയുമായിരുന്നു. ഇവര്‍ക്ക് കൂടുതല്‍ കേസുകള്‍ ഉണ്ടോയെന്ന് വിശദമായി പരിശോധിച്ച്‌ വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *