KOYILANDY DIARY.COM

The Perfect News Portal

ഫാര്‍മസിസ്റ്റുകളില്ലാതെ മരുന്നുവില്‍പ്പന നടത്തിയ മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ നടപടി

കൊച്ചി: യോഗ്യരായ ഫാര്‍മസിസ്റ്റുകളില്ലാതെ മരുന്നുവില്‍പ്പന നടത്തിയ സംസ്ഥാനത്തെ 209 സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ നടപടിയെടുത്തതായി ആരോഗ്യവകുപ്പ്. ഒരുവര്‍ഷത്തിനിടെ ആലപ്പുഴയില്‍ 56 ഷോപ്പുകള്‍ക്കും എറണാകുളത്ത് 40 എണ്ണത്തിനുമെതിരെയാണ് നടപടി. മലപ്പുറത്താണ് ഏറ്റവും കുറവ്. ഇവിടെ രണ്ട് ഷോപ്പുകള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇടുക്കിയില്‍ 15ഉം തൃശൂരില്‍ 27ഉം മരുന്നുകടകള്‍ക്കെതിരെയും നടപടിയുണ്ടായി. പാലക്കാട് (31), കൊല്ലം (20), പത്തനംതിട്ട(12), വയനാട് (6) എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്. 2016 ഏപ്രില്‍മുതല്‍ 2017 ജൂണ്‍വരെയുള്ള കണക്കാണിത്. ചില്ലറ വില്‍പ്പനശാലകളില്‍ മരുന്നുവില്‍പ്പന അംഗീകൃത ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന കേന്ദ്രനിയമം നിലനില്‍ക്കെയാണ് സ്വകാര്യ മരുന്നുകടകളില്‍ മരുന്നുവില്‍പ്പന. മരുന്നുകടകളില്‍ ഒരു ഫാര്‍മസിസ്റ്റിന്റെയെങ്കിലും സേവനമുണ്ടായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഡ്രഗ് ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനയിലാണ് 209 കടകള്‍ക്കെതിരെ നടപടിയെടുത്തത്.

തൃശൂര്‍, പാലക്കാട് ജില്ലകളിലായി 58 ഷോപ്പുകളുടെയും പത്തനംതിട്ടയില്‍ അഞ്ചെണ്ണത്തിന്റെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ടയില്‍ ഏഴെണ്ണത്തിന് താക്കീത് നല്‍കി. ഇടുക്കിയില്‍ ഒന്നിന്റെയും മലപ്പുറത്ത് രണ്ട് ഷോപ്പുകളുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മിക്കസ്ഥാപനങ്ങള്‍ക്കും താക്കീത് നല്‍കിയതായും വിവരാവകാശരേഖയില്‍ പറയുന്നു.

Advertisements

ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ യോഗ്യരല്ലാത്തവരും മെഡിക്കല്‍ ഷോപ്പകളില്‍ മരുന്ന് നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *