KOYILANDY DIARY

The Perfect News Portal

വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞു: മുഖ്യമന്ത്രി

തൃശൂര്‍: വികസനവിരോധികളുടെ ഏതെങ്കിലും സമര്‍ദ്ദത്തിനൊ, വിരട്ടലിനൊ വിധേയമായി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആസൂത്രണംചെയ്ത പദ്ധതികള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂരില്‍ ഇരുപത്തിരണ്ടാം ബാച്ച്‌ ഫയര്‍മാന്‍ പാസ്സിങ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് സര്‍വതല സ്പര്‍ശിയായ സമഗ്രവികസനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒപ്പം സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കും. ഇത് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഈ വികസനം തടയുന്നവെന്നതാണ് സംസ്ഥാനത്ത് കണ്ടുവരുന്ന ദൌര്‍ഭാഗ്യകരമായ പ്രവണത. ഈ വികസന വിരോധികള്‍ ചെറുപക്ഷമാണ്. കൂടുതല്‍ ആളുകളില്ല. പലവിധ നിക്ഷിപ്ത താല്‍പ്പര്യമാണ് ഇവരെ നയിക്കുന്നത്. അവര്‍ വികസനം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്ബോള്‍ അതിന് വഴിപ്പെട്ട് വികസനം നിര്‍ത്തിവയ്ക്കുകയും മരവിപ്പിക്കുകയോ ചെയ്യുകയും ഫലത്തില്‍ വികസനം ഉപേക്ഷിക്കുന്ന സ്ഥിതി സ്വീകരിക്കുന്ന ഒരു കാലം സംസ്ഥാനത്ത് ഉണ്ടായിരുന്നു. അതിന് ഏതായാലും അന്ത്യം വന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള നിരവധി ചെറുപ്പക്കാരുണ്ട്. യോഗ്യതക്കും ആഗ്രഹത്തിനും അനുസരിച്ച്‌ ജോലി ലഭിക്കാത്തതിനാല്‍ അവര്‍ പുറംനാടുകളില്‍ പോവുകയാണ്. ജീവിതത്തിലെ കര്‍മശേഷിയുള്ള കാലം യുവത്വമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ സേവനം നമുക്ക് നഷ്ടപ്പെടുന്നു. ഇത്തരം അഭ്യസ്തവിദ്യര്‍ക്ക് ഇവിടെതന്നെ ജോലി ലഭിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അതിന് നാട് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ വികസിക്കണം. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ചിലര്‍ ഈ വികസനം തടസപ്പെടുത്തുകയാണ്.

Advertisements

ഫയര്‍ഫോഴ്സില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസയോഗ്യതയുള്ളവരെ ആദ്യം എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ സേനയ്ക്ക് പുതിയ മുഖം ലഭിക്കും. വന്‍കിട മാളുകളിലും അപ്പാര്‍ട്ടുമെന്റുകളിലും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള പരിശോധനയും ഫയര്‍ഡ്രിലും നടത്തുന്നതിന് സുരക്ഷാ സ്ക്വാഡ് ആരംഭിച്ചിട്ടുണ്ട്. ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് വഴി ജനങ്ങള്‍ക്ക് പരിശീലനം നല്‍കി റെസ്ക്യൂ വളണ്ടിയര്‍ സംവിധാനം ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. പരിഷ്കൃത രാജ്യങ്ങളില്‍ ഇത്തരം സംവിധാനമുണ്ട്. പ്രതിഫലേച്ഛയില്ലാതെ സേവനസന്നദ്ദതയുള്ളവരെ വളണ്ടിയര്‍മാരായി ഉള്‍പ്പെടുത്താനാവും. ഇതുവഴി അപകടമേഖലകളില്‍ കൂടുതല്‍ സേവനം ഉറപ്പാക്കാനാവും. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സേനയ്ക്ക് ആധുനീക ഉപകരണങ്ങളും വാഹനങ്ങളും പരിശീലനങ്ങളും നല്‍കി സുസജ്ജമാക്കും. ശാസ്ത്രീയവും കാലാനുസൃതവുമായ പരിശീലനങ്ങള്‍ നല്‍കും.

ബിടെക് ഉള്‍പ്പടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ഫയര്‍ഫോഴ്സില്‍ ചേര്‍ന്നിട്ടുണ്ട്. ഈ യോഗ്യത തൊഴിലുമായി ഗുണപരമായി സമന്വയിപ്പിക്കാന്‍ തയ്യാറാവണം. അത് ജോലിയുടെ നിലവാരം ഉയര്‍ത്തും. ഫയര്‍ഫോഴ്സിന് കേവലം തീ കെടുത്തല്‍മാത്രമല്ല. എല്ലാ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ രക്ഷാസേനയാണിത്. 101 എന്ന നമ്ബര്‍ കേളരത്തിലെ ജനങ്ങളുടെ മനപ്പാഠമാണ്. സഹായം തേടി വിളിക്കുന്നവര്‍ സംഘര്‍ഷാവസ്ഥയിലായിരിക്കും. വിളിക്കുന്നവരുടെയടുത്തേക്ക് വേഗതയില്‍ എത്താന്‍ കഴിയണം. സത്യസന്ധത, അച്ചടക്ക, പ്രതിബന്ധത, കൂട്ടായ്മ എന്നിവ സേനാംഗങ്ങള്‍ക്കുവേണം. പ്രണായ സേവാ മഹേ എന്ന സേനയുടെ ആപ്തവാക്യം മനസിലുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *