KOYILANDY DIARY

The Perfect News Portal

പ്രളയബാധിത മേഖലകള്‍ ശുചീകരിക്കാന്‍ ഡിവൈഎഫ്‌ഐ രംഗത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍ ശുചീകരിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങും. കേരളത്തിലെ പ്രളയബാധിത മേഖലകള്‍ ശുചീകരിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

വിവിധ ജില്ലകളില്‍ ഡി.വെെ.എഫ്ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, പ്രസിഡന്‍റ് എ.എന്‍. ഷംസീര്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അടുത്തകാലത്തെങ്ങും കാണാത്തവിധമുള്ള വലിയ പ്രളയമാണ് കേരളത്തില്‍ സംഭവിച്ചത്. നിരവധി ജീവനുകള്‍ നഷ്ടമായി. വീടും റോഡുകളും എല്ലാം വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ദുരിതം ബാധിച്ച എല്ലാ മേഖലകളിലും സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ മുതല്‍ യൂണിറ്റ് തലം വരെയുള്ള പ്രവര്‍ത്തകര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കും.

Advertisements

പ്രളയം രൂക്ഷമായി ബാധിച്ച പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാളെ എറണാകുളം ജില്ലയില്‍ ശുചീകരണപ്രവര്‍ത്തനം ആരംഭിക്കും. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ആലപ്പുഴയിലും ശുചീകരണം ആരംഭിക്കും.

മഴക്കെടുതി അനുഭവിക്കുന്ന മറ്റു ജില്ലകളിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്ബുകളിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭക്ഷണം ഉള്‍പ്പെടെ മറ്റെല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.

എല്ലാ ജില്ലകളില്‍ നിന്നും ദുരന്തമേഖലയിലേക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നത് തുടരുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരോടും രംഗത്തിറങ്ങാന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *