KOYILANDY DIARY

The Perfect News Portal

പോര്‍ച്ചുഗല്‍ ഫുട്ബോളിലെ ഇതിഹാസനായകനായി മാറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പാരിസ്:  യൂറോകപ്പ് സ്വന്തമാക്കിയതോടെ പോര്‍ച്ചുഗല്‍ ഫുട്ബോളിലെ ഇതിഹാസനായകനായി മാറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആരും സാധ്യതകല്‍പിക്കാത്ത ടീം റൊണാള്‍ഡോയുടെ മികവിലാണ് ഫൈനലിലെത്തിയത്. കലാശപ്പോരാട്ടത്തിനിടെ സൂപ്പര്‍താരം പരുക്കേറ്റ് മടങ്ങേണ്ടി വന്നത് യൂറോകപ്പിന്റെ തന്നെ നൊമ്ബരമായി.

പറങ്കികളുടെ ഇതിഹാസനായകരായ യുസേബിയോയ്ക്കും ലൂയി ഫിഗോയ്ക്കും കഴിയാത്തതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. 2004ലെ യൂറോ ഫൈനലില്‍ ഗ്രീസിനോട് തോല്‍ക്കുമ്ബോള്‍ ടീമിലംഗമായിരുന്ന റൊണാള്‍ഡോയ്ക്ക് പത്തൊന്‍പത് വയസായിരുന്നു പ്രായം. പിന്നീട് ക്ലബ് ഫുട്ബോളിലെ കിരീടങ്ങളും ബഹുമതികളും ഒട്ടേറെ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോയ്ക്ക് പോര്‍ച്ചുഗലിനായി ഒന്നും സമ്മാനിക്കാനായില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ഈ കിരീടം മറുപടി പറയും.

ദിമിത്രി പായറ്റിന്റെ പരുക്കന്‍ അടവില്‍ പരുക്കേറ്റ് വീണ റൊണാള്‍ഡോ, ചികില്‍സ തേടിയും കളി തുടരാന്‍ തീരുമാനിച്ചത് ഈ ഫൈനലിന്റെ പ്രാധാന്യമറിഞ്ഞാണ്. ഒടുവില്‍ കളിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം പിന്‍വാങ്ങി. കരഞ്ഞുകൊണ്ട് ക്യാപ്റ്റന്റെ ആംബാന്‍ഡ് നാനിക്ക് കൈമാറി കളം വിട്ടു. അവസാന മിനിറ്റുകളിലെ സമ്മര്‍ദത്തില്‍ കോച്ചിനൊപ്പം റൊണാള്‍ഡോയുമെത്തി ആവേശം പകരാന്‍. ഒടുവില്‍ ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കി.

Advertisements

ഗ്രൂപ്പില്‍ മൂന്നു സമനില മാത്രം നേടി മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളായി മാത്രം നോക്കൗട്ട് റൗണ്ടിലെത്തിയ പോര്‍ച്ചുഗല്‍ ഭാഗ്യത്തിന്റെ അകമ്ബടിയോടെയാണ് ഫൈനലിലെത്തിയത്. മങ്ങിയാണ് കളി തുടങ്ങിയതെങ്കിലും ഒരു ടീമായി പോര്‍ച്ചുഗലിനെ ഏകോപിപ്പിച്ചതില്‍ റൊണാള്‍ഡോയുടെ പങ്ക് ചെറുതല്ല. ചാംപ്യന്‍സ് ലീഗിന് പിന്നാലെ യൂറോകപ്പും സ്വന്തമാക്കിയാല്‍ ലയണല്‍ മെസ്സിയേക്കാള്‍ കേമനാണ് റൊണാള്‍ഡോയെന്ന് സമ്മതിക്കുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇനി ചര്‍ച്ചകള്‍ കൊഴുക്കും.