KOYILANDY DIARY

The Perfect News Portal

ശക്തമായി തിരിച്ചടിച്ച മുന്‍ ലോക ഒന്നാംനമ്ബര്‍ റോജര്‍ ഫെഡറര്‍ സെമിയില്‍ കടന്നു

ലണ്ടന്‍: വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ രണ്ട് സെറ്റ് തോറ്റശേഷം ശക്തമായി തിരിച്ചടിച്ച മുന്‍ ലോക ഒന്നാംനമ്ബര്‍ റോജര്‍ ഫെഡറര്‍ സെമിയില്‍ കടന്നു. ക്രായേഷ്യന്‍ താരം മാരിന്‍ ചിലിച്ചിനെതിരെ 6-7, 4-6, 6-3, 7-6, 6-3 എന്ന സ്കോറിനായിരുന്നു ഫെഡററുടെ അവിശ്വസനീയ ജയം. സെമിയില്‍ കാനഡയുടെ മിലോസ് റാവോനിച്ചിനെ ഫെഡറര്‍ നേരിടും.ഒരിക്കല്‍ക്കൂടി ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നേരത്തെ പുറത്താകുമെന്ന് തോന്നിച്ച ഫെഡറര്‍ തന്റെ പഴയകാല പ്രകടനം പുറത്തെടുത്താണ് ജയം സ്വന്തമാക്കിയത്. മത്സരം മൂന്നു മണിക്കൂറും 20 മിനിറ്റും നീണ്ടു നിന്നു. മുപ്പത്തിനാലുകാരനായ ഫെഡററിന്റെ 11ാം വിംബിള്‍ഡണ്‍ സെമിയാണിത്. ഇവിടെ ഏഴുവട്ടം ചാമ്ബ്യനായ ഫെഡറര്‍ അടുത്തകാലത്തായ പ്രകടനത്തില്‍ പിന്നോക്കം പോവുകയായിരുന്നു.

ക്വാര്‍ട്ടര്‍ വിജയത്തോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം മല്‍സരങ്ങള്‍ വിജയിച്ച താരമെന്ന മാര്‍ട്ടീന നവരത്ലോവയുടെ റെക്കോര്‍ഡും ഫെഡറര്‍ മറികടന്നു. 306 ഗ്രാന്‍സ്ലാം മല്‍സരങ്ങള്‍ നവരത്ലോവ വിജയിച്ചപ്പോള്‍ ഫെഡററിന്റെ 307ാം ഗ്രാന്‍സ്ലാം വിജയമാണിത്. 50 മല്‍സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ മല്‍സരങ്ങള്‍ വിജയിച്ച താരമെന്ന ജിമ്മി കോന്നോറിന്റെ റെക്കോര്‍ഡിനൊപ്പവും ഫെഡറര്‍ സ്ഥാനം പിടിച്ചു.രണ്ടു സെറ്റുകള്‍ക്ക് മുന്നിട്ടുനിന്നശേഷം ചിലിച്ച്‌ തോറ്റതില്‍ സങ്കടമുണ്ടെന്ന് മത്സരശേഷം ഫെഡറര്‍ പറഞ്ഞു. ഇത്തവണ ഏറ്റവും കടുത്ത പോരാട്ടം സമ്മാനിച്ച താരമാണ് മാരിന്‍ ചിലിച്ച്‌. വിംബിള്‍ഡണ്‍ നേടാനാകുമെന്നാണ് പ്രതീക്ഷ. താന്‍ ഏറെ മെച്ചപ്പെട്ടതായി മനസിലാക്കുന്നുവെന്നും ഫെഡറര്‍ പറഞ്ഞു.