KOYILANDY DIARY

The Perfect News Portal

പൊലീസ് സേനയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തും: മുഖ്യമന്ത്രി

തൃശൂര്‍: പൊലീസ് സേനയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുമെന്ന്  പിണറായി വിജയന്‍ പറഞ്ഞു. ആദ്യം 15 ശതമാനമാക്കും. ഇത് ഘട്ടംഘട്ടമായി ഉയര്‍ത്തും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇത് ആറുശതമാനമായിരുന്നു. രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ 357 വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പാസിങ്‌ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ കമാന്‍ഡോ സംഘം ആരംഭിക്കുമെന്നും പിണറായി പറഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി വനിതാബറ്റാലിയന്‍ രൂപീകരിച്ചു. ഇതിനായി 451 പുതിയ തസ്തിക സൃഷ്ടിച്ചു. 700പേര്‍ക്ക് ഉടന്‍ പരിശീലനം ആരംഭിക്കും. വനിതകള്‍ക്ക് മാത്രമായി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സേന രൂപീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.

ഒമ്പത് സ്റ്റേഷനില്‍ വനിതകളെ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാരാക്കി. ഇതില്‍ രണ്ട് സിഐമാരും ഏഴ് എസ്‌ഐമാരുമുണ്ട്. എല്ലാ സ്റ്റേഷനിലും വനിതാപ്രാതിനിധ്യം ഉറപ്പാക്കി. എട്ടുനഗരത്തില്‍ പിങ്ക്പട്രോള്‍ ആരംഭിച്ചു. കൂടുതല്‍ വ്യാപിപ്പിക്കും. ചില നഗരങ്ങളില്‍ ബസ്സ്റ്റാന്‍ഡുകളിലും കവലകളിലും പിങ്ക് ബീറ്റ് ആരംഭിച്ചു. ഹൈവേ പൊലീസ്, ഷാഡോ പൊലീസ് എന്നിവയ്ക്കു പുറമെയാണിത്.

Advertisements

തൃശൂരിലെ പൊലീസ് അക്കാദമി മികവിന്റെ കേന്ദ്രമാക്കും. അക്കാദമിയിലെ എല്ലാ ക്ളാസ്മുറികളും സ്മാര്‍ട്ടാക്കും. അംഗീകൃത സര്‍വകലാശാലകള്‍ വഴി ഇന്റേണ്‍ഷിപ് പഠന സൗകര്യമൊരുക്കും. 24 മണിക്കൂറും വൈഫൈ, ഇ-ലേണിങ് തുടങ്ങി ആധുനിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോണ്‍ഫറന്‍സ് ഹാളും സെമിനാര്‍ ഹാളും ആധുനികവല്‍ക്കരിക്കും.

മികച്ച വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ സേനയില്‍ പുതുതായി എത്തിയിട്ടുണ്ട്. പക്വതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *