KOYILANDY DIARY

The Perfect News Portal

പൊതുവിദ്യാലയങ്ങളില്‍ ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ വര്‍ദ്ധിച്ചു

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയ യജ്ഞം ഫലം കണ്ടു. പുതിയ അധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ വര്‍ദ്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷനായി ഒരുക്കിയ ‘സമ്പൂര്‍ണ’ ഓണ്‍ലൈനിലെ കണക്കു പ്രകാരമാണിത്. അണ്‍ എയ്ഡഡ് സ്കൂളുകളില്‍നിന്നടക്കം പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തി. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ പത്തുവരെ ക്ളാസുകളില്‍ ആകെ 32 ലക്ഷം കുട്ടികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 33.5 ലക്ഷമായി ഉയരും. കൃത്യമായ കണക്ക് ആറാം പ്രവൃത്തിദിനമായ വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.

കുട്ടികളുടെ എണ്ണംകൂടിയതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ആറായിരം തസ്തിക സൃഷ്ടിക്കപ്പെടുമെന്നാണ് പ്രഥമിക വിലയിരുത്തല്‍. ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം ജൂലൈ 15നകം പൂര്‍ത്തിയാകും. എല്‍പി 1:30, യുപി 1:35, ഹൈസ്കൂള്‍ 1:45 എന്നീ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിലായിരിക്കും തസ്തിക നിര്‍ണയം. തസ്തിക നഷ്ടപ്പെടുന്ന അവസ്ഥയില്‍നിന്ന് തസ്തിക സൃഷ്ടിക്കുന്നതിലേക്ക് വിദ്യാലയങ്ങള്‍ എത്തുമെന്നാണ് പ്രാഥമിക കണക്കുകള്‍ തരുന്ന പ്രതീക്ഷയെന്ന് പൊതുവിദ്യാഭ്യാസ സ്പെഷ്യല്‍ സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു.

ജനസംഖ്യാനിരക്ക് കുറഞ്ഞു തുടങ്ങിയശേഷം സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ വന്‍ വര്‍ധന ഇത് ആദ്യമാണ്. വര്‍ഷങ്ങളായി ഒന്നാം ക്ളാസില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. കഴിഞ്ഞ തവണ 2,49,533 കുട്ടികളാണ് ഒന്നാം ക്ളാസില്‍ ചേര്‍ന്നത്. ഇത്തവണ 3000 കുട്ടികള്‍ കൂടുതലായി എത്തി. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളിലെ വിവിധ ക്ളാസുകളില്‍നിന്നുപോലും പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ കൂട്ടത്തോടെ എത്തി.

Advertisements

2017 മുതല്‍ അംഗീകാരമില്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നിര്‍ദേശിക്കുന്നതിനാല്‍ ഇനിയും കുട്ടികളുടെ ഒഴുക്കുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇവ പൂട്ടാന്‍ എഇഒമാര്‍ നിര്‍ദേശം നല്‍കും. ഇത്തരം സ്കൂളുകളില്‍നിന്ന് എത്തുന്നവര്‍ക്ക് ടിസി ഇല്ലാത്തതിനാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ക്ളാസുകളില്‍ പ്രവേശനം നല്‍കാം. ഇതിനായി പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന പരീക്ഷ നടത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹയര്‍സെക്കന്‍ഡറിയില്‍ 4099 അധ്യാപക തസ്തികയ്ക്ക് അനുമതി
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറിയില്‍ 4099 അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ധനവകുപ്പ് അംഗീകാരം നല്‍കി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലാണ് ഇത്രയും അധ്യാപക തസ്തിക സൃഷ്ടിക്കുക. 2014-15, 2015-16 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും അധിക ബാച്ചുകളിലുമാണ്  തസ്തിക.

2014-15 വര്‍ഷം അനുവദിച്ച സ്കൂളുകളിലെ തസ്തികകള്‍ ഈ വര്‍ഷവും 2015-16ലേത് അടുത്ത വര്‍ഷവും അനുവദിക്കും.2014-15ലേത് മാത്രം 3200 തസ്തിക വരും. ഇവയില്‍ എയ്ഡഡ് സ്കൂളുകളില്‍ നിലവില്‍ അംഗീകാരം കാത്തുകഴിയുന്ന അധ്യാപകരുമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമനം പിഎസ്സി വഴിയായതിനാല്‍ ഈ മാസംതന്നെ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ചില വിഷയങ്ങളുടെ പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാറായതിനാലാണ് വേഗത്തില്‍ നടപടികള്‍ പുരോഗമിക്കുന്നത്. 2015-16 വര്‍ഷത്തില്‍ ആരംഭിച്ച സ്കൂളുകളിലും അനുവദിച്ച അധിക ബാച്ചുകളിലും 900 തസ്തിക അടുത്ത സാമ്പത്തിക വര്‍ഷം അനുവദിക്കാനാണ് ധനവകുപ്പ് അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *