KOYILANDY DIARY

The Perfect News Portal

ദേശീയപാതയോരത്തെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി

കൊച്ചി :  ദേശീയപാതയോരത്തെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തല്‍ക്കാലം തുറക്കരുതെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വാക്കാല്‍ നിര്‍ദേശംനല്‍കിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ദേശീയ-സംസ്ഥാന പാതകളില്‍നിന്ന് 500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ അടച്ചുപൂട്ടിയിരുന്നു. ദേശീയപാതകളല്ലെന്ന് പുനര്‍വിജ്ഞാപനം ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ രേഖ ഹാജരാക്കി ബാറുടമകള്‍ അനുകൂല ഉത്തരവ് സമ്പാദിച്ചതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

0കോടതിവിധി ദുര്‍വ്യാഖ്യാനംചെയ്താണ് അനുകൂല ഉത്തരവ് നേടിയതെന്ന് കണ്ടെത്തിയാല്‍ ഉത്തരവ് പുനഃപരിശോധിക്കുമെന്നും കോടതി പറഞ്ഞു. ഒരു മദ്യശാലയും തുറക്കാന്‍ കോടതി ഉത്തരവ് നല്‍കിയിട്ടില്ല. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഉടമകളുടെ അപേക്ഷകള്‍ പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കാന്‍ മാത്രമായിരുന്നു നിര്‍ദേശം. ഉത്തരവില്‍ അവ്യക്തത ഉണ്ടെങ്കില്‍ എക്സൈസ് കമീഷണര്‍ കോടതിയെ സമീപിച്ച് വ്യക്തതവരുത്തണമായിരുന്നു.

കോടതിനിര്‍ദേശപ്രകാരമാണ് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെന്ന എക്സൈസ് വകുപ്പിന്റെ നിലപാട് ശരിയല്ല. ഉത്തരവില്‍ ദുരൂഹതയുണ്ടെന്ന വി എം സുധീരന്റെയും മതമേലധ്യക്ഷന്മാരുടെയും നിലപാടിനെയും കോടതി വിമര്‍ശിച്ചു. കാര്യങ്ങള്‍  മനസ്സിലാക്കാതെയാണ് ഇവര്‍ വിമര്‍ശിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പറഞ്ഞു.

Advertisements

വിധി പ്രസ്താവനയ്ക്കുശേഷം കോടതിക്ക് നിരവധി കത്തുകള്‍ ലഭിച്ചിരുന്നെന്നും ജസ്റ്റിസ് വെളിപ്പെടുത്തി. കോടതിഉത്തരവിനെ തുടര്‍ന്ന് സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കാനും നിര്‍ദേശിച്ചു. കൊയിലാണ്ടി സ്വദേശി വി പി ഇബ്രാഹിംകുട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *