KOYILANDY DIARY

The Perfect News Portal

ഡി.സി.സി. പൂർണ്ണ പരാജയം: പേരാമ്പ്രയിൽ കോൺഗ്രസ് പിളർന്നു

പേരാമ്പ്ര : തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്വം ഡിസിസി പ്രസിഡണ്ട് യു രാജീവനും പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട് രാജന്‍ മരുതേരിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ രാഗേഷിനുമാണെന്ന് ആരോപിച്ച് പേരാമ്പ്ര മണ്ഡലത്തിലെ ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും കോൺഗ്രസ്സിൽ നിന്ന് രാജി വെച്ചു.  ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെയും പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിൻ്റെയും നടപടിയില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയിലെ മുഴുവന്‍ ഭാരവാഹികളും രാജിവച്ചതായി പ്രസിഡണ്ട് ബാബു തത്തക്കാടനും ഡിസിസി അംഗം വാസു വേങ്ങേരിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 23 അംഗ മണ്ഡലം കമ്മിറ്റിയില്‍ 19 പേരും 19 വാര്‍ഡ് പ്രസിഡൻ്റുമാരില്‍ 17 പേരും 20 ബൂത്ത് പ്രസിഡൻ്റുമാരുമാണ് രാജിവച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര പഞ്ചായത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ടായ കനത്ത പരാജയത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റ് യു രാജീവനും പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ രാഗേഷിനുമാണെന്ന് ഇവര്‍ ആരോപിച്ചു. അതത് വാര്‍ഡിലുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കേണ്ടതെന്ന കെപിസിസി തീരുമാനത്തിന് വിരുദ്ധമായാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്.

വാര്‍ഡ്, മണ്ഡലം കമ്മിറ്റികള്‍ ഏകകണ്ഠമായി അംഗീകരിച്ച സ്ഥാനാര്‍ഥികളെ തഴഞ്ഞ് പലരെയും മുകളില്‍നിന്ന് കെട്ടി ഇറക്കുകയായിരുന്നു. തെറ്റായ തീരുമാനമെടുത്ത ജില്ലാ, ബ്ലോക്ക് നേതൃത്വത്തിൻ്റെ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി പരാതിയുമായി ഡിസിസി ഓഫീസിലെത്തിയപ്പോള്‍ അപമാനിച്ച്‌ ഇറക്കിവിടുകയാണ് ഡിസിസി പ്രസിഡന്റ് ചെയ്തത്. ഇതിനെതിരെ കെപിസിസി ഉപസമിതിയില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. കെപിസിസിയിലും ഡിസിസിയിലും സ്വാധീനമുള്ളവരാണ് സ്ഥാനാര്‍ഥികളായത്. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലുമുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കേണ്ടിയിരുന്ന ബ്ലോക്ക് പ്രസിഡന്റ് ആ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കയാണ്.

Advertisements

തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ പുകച്ച്‌ പുറത്ത് ചാടിക്കുന്നതാണ് ഇവരുടെ രീതി. ചുരുങ്ങിയ കാലത്തിനുള്ളില്‍ പി ടി ഇബ്രാഹിം, വാസു വേങ്ങേരി എന്നിവരെ ഇങ്ങനെയാണ് ഇറക്കിവിട്ടത്. സമാന മനസ്കരുമായി ചേര്‍ന്ന് അനന്തര നടപടി പ്രഖ്യാപിക്കുമെന്ന് ഇരുവരും പറഞ്ഞു. മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിവച്ച 19ല്‍ 17 പേരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. രണ്ടുപേര്‍ സ്ഥലത്തില്ലാത്തതിനാലാണ് പങ്കെടുക്കാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *