KOYILANDY DIARY

The Perfect News Portal

പെന്‍ഷന്‍കാരായ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം

തിരുവനന്തപുരം:  ദേവസ്വം ബോര്‍ഡുകളിലെ നിയമനം പിഎസ്‌സിയ്ക്ക് വിടാനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. 2015ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ആക്ട് ഭേദഗതി, ബില്ലായി അവതരിപ്പിക്കാനാണ് തീരുമാനം. ബില്‍ നിയമമാകുന്നതോടെ നിലവിലുള്ള ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് ഇല്ലാതെയാകും.
പെന്‍ഷന്‍കാരായ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം  തീരുമാനിച്ചു. സെപ്തംബര്‍ 26 മുതല്‍ നിയമസഭ ചേരുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

ആരോഗ്യവകുപ്പില്‍ 31.05.2016ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു. വിരമിക്കല്‍ തീയതിക്കുശേഷമുള്ള കാലയളവ് യാതൊരുവിധ സേവനാനുകൂല്യങ്ങള്‍ക്കും കണക്കാക്കുന്നതല്ല. 2016 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ വിരമിക്കേണ്ട ഡോക്ടര്‍മാരുടെ സേവനകാലാവധി 2016 നവംബര്‍ 30 വരെ നീട്ടി.

കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് 01.08.2012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

Advertisements

2012-13 അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച 12 സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ അധിക ബാച്ചുകളിലേയ്ക്ക് തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 56 എച്ച്.എസ്.എസ്.ടി. തസ്തികകളും, രണ്ട് ലാബ് അസിസ്റ്റന്‍റ് തസ്തികകളുമാണ് പുതുതായി സൃഷ്ടിക്കുന്നത്.

ചുവടെ പറയുന്നവരെ മുനിസിഫ് മജിസ്ട്രേറ്റുമാരായി നിയമിച്ചു.
സിര്‍ഷ എന്‍.എ, അനിഷ എസ്. പണിക്കര്‍, നിമ്മി.കെ.കെ.,ബല്‍റാം. എം.കെ,ഇന്ദു. പി.രാജ്