KOYILANDY DIARY

The Perfect News Portal

ലൈറ്റ് മെട്രോ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍റായി ഡിഎംആര്‍സിയെ നിയമിക്കും

തിരുവനന്തപുരം• കോഴിക്കോട് – തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്‍റായി ഡിഎംആര്‍സിയെ നിബന്ധനകള്‍ക്കു വിധേയമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചശേഷം മുഴുവന്‍ പ്രോജക്ടുകളുടേയും കണ്‍സള്‍ട്ടന്‍റായി ഡിഎംആര്‍സിയെ നിയമിക്കും. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഒരു ഡപ്യൂട്ടി കലക്ടറെ (റവന്യൂ) ചുമതലപ്പെടുത്തി. മതിയായ ജീവനക്കാരെ അനുവദിക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം മെട്രോയ്ക്കു വേണ്ടി ഏകദേശം 1.9893 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് മെട്രോയ്ക്ക് ഏകദേശം 1.4474 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. തിരുവനന്തപുരം മെട്രോയ്ക്കായി ഫ്ലൈഓവര്‍ നിര്‍മിക്കാന്‍ ഏകദേശം 2.77 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. ശ്രീകാര്യം, പട്ടം, ഉള്ളൂര്‍ ഫ്ലൈഓവറുകളുടെ നിര്‍മ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 272.84 കോടി രൂപയുടെ ഭരണാനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട ചിലവുകള്‍ക്കു കിഫ്ബി ധനസഹായം നല്‍കും. നിര്‍ദ്ദിഷ്ട ഏജന്‍സിയായ കെആര്‍ടിഎല്ലിന്‍റെ ഫണ്ട് ഉപയോഗിച്ച്‌ ഡിഎംആര്‍സി മുഖേന ടേണ്‍ കീ പദ്ധതിയായി നടപ്പിലാക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം മെട്രോയ്ക്കായി തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം, കഴക്കൂട്ടം, പാങ്ങപ്പാറ, ചെറുവക്കാട്ട്, ഉള്ളൂര്‍, കവടിയാര്‍, പട്ടം, വഞ്ചിയൂര്‍, തൈക്കാട് വില്ലേജുകളില്‍നിന്നാണു ഭൂമി ഏറ്റെടുക്കുക. കോഴിക്കോട് താലൂക്കിലെ ചേവായൂര്‍, നെല്ലിക്കോട്, കൊട്ടൂളി, കസബ, നഗരം, പന്നിയങ്കര, ചെറുവണ്ണൂര്‍ വില്ലേജുകളില്‍നിന്നാണു ഭൂമി ഏറ്റെടുക്കുന്നത്.

Advertisements