KOYILANDY DIARY

The Perfect News Portal

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു

കല്‍പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു. മൂന്നംഗ മാവോയിസ്റ്റ് സംഘം ഇവിടെ എത്തിയതായി പോലീസിന്റെ സ്ഥിരീകരണം. മാവോയിസ്റ്റുകള്‍ എത്തിയെന്ന വിവരം ലഭിച്ചതോടെ സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. സര്‍വകലാശാലാ പരിസരത്താണ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് എത്തിയതെന്നും ആയുധധാരികളായ ഇവര്‍ ആദ്യം തന്റെ ഫോണ്‍ തട്ടിയെടുത്തെന്നും സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരനായ പ്രഭാകരന്‍ പോലീസിനോട് പറഞ്ഞു. ഫോണ്‍ പരിശോധിച്ച ശേഷം പരിസരത്ത് പോസ്റ്ററുകള്‍ പതിച്ചു. കോളജിന്റെ പ്രധാന ഗേറ്റില്‍ വെച്ചാണ് സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയശേഷം സംഘം ഇയാളെ തടഞ്ഞുവച്ച്‌ കോളജ് കവാടത്തിലും പരിസരങ്ങളിലും പോസ്റ്റര്‍ പതിച്ചത്.

സംഘത്തിന്റെ കൈയില്‍ തോക്ക് ഉണ്ടായതായി വാച്ച്‌മാന്‍ വൈത്തിരി പോലീസിനോട് പറഞ്ഞു. പോസ്റ്ററുകള്‍ മാറ്റിയാല്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മടങ്ങാന്‍ നേരം വാങ്ങിവെച്ച ഫോണ്‍ മടക്കിനല്‍കിയെന്നും പ്രഭാകരന്‍ പോലീസിനെ അറിയിച്ചു.

Advertisements

ഇവരെത്തിയ കാര്യം ആരെയെങ്കിലും അറിയിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു സംഘം. എന്നാല്‍ താന്‍ ആരെയും ബന്ധപ്പെടാന്‍ ശ്രമിച്ചില്ലെന്ന് അറിയിച്ചതായും സുരക്ഷാ ജീവനക്കാരന്‍ മൊഴി നല്കിയിട്ടുണ്ട്.

ചില വിദ്യാര്‍ത്ഥികളും ശബ്ദംകേട്ട് ഇവിടെയെത്തിയതായി പറയുന്നു. ഇവരോട് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വന്നു എന്നാണ് പറഞ്ഞത്. വൈത്തിരി പോലീസ് സ്ഥലത്തെത്തി സ്‌ഫോടക വസ്തു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ബോംബ് സ്‌ക്വാഡ് എത്തി സ്ഥിരീകരണം വരുത്തിയ ശേഷം, ഇത് നിര്‍വീര്യമാക്കുമെന്ന് കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം പറഞ്ഞു.

കോഴിക്കോട് നിന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. അടുത്ത കാലത്തായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. ഏതാനും ദിവസം മുമ്ബ് പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യസാധനങ്ങള്‍ ഭീഷണപ്പെടുത്തി കൊണ്ടുപോയതായി പരാതി ഉണ്ടായിരുന്നു.

ദേശീയപാതയ്ക്കും സുഗന്ധഗിരിക്കും അടുത്താണ് ഇപ്പോള്‍ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി വ്യക്തമായിരിക്കുന്നത്. ഇത് വളരെയധികം പ്രാധാന്യത്തോടെയാണ് പോലീസ് കാണുന്നത്. സുഗന്ധഗിരിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി നേരത്തെ സൂചനയുണ്ടായിരുന്നു. ഈ ഭാഗത്ത് തെരച്ചില്‍ ആരംഭിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

ഇതിനിടെ, അതിര്‍ത്തി വനപ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. ഊട്ടിക്കടുത്ത് മഞ്ചൂരില്‍ പോലീസ് സ്‌റ്റേഷന് ചുറ്റും മണല്‍ ചാക്കുകള്‍ അടുക്കി സംരക്ഷണ വേലി തീര്‍ത്തു. അതിര്‍ത്തി പ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷന്‍ വനം വകുപ്പ് ഓഫിസുകള്‍ക്ക് നേരത്തെ ചുറ്റുമതിലുകളും വാച്ച്‌ ടവറുകളും നിര്‍മിച്ചിരുന്നു.

മഞ്ചൂര്‍ പോലീസ് സ്‌റ്റേഷന് നേരത്തെ ചുറ്റുമതില്‍ ഇല്ലായിരുന്നു. വയനാട്ടില്‍ ചില പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ നീലഗിരിയുടെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാറുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ ആദിവാസി ഗ്രാമങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

ആദിവാസി ഗ്രാമങ്ങളിലെ അടിസ്ഥാന ആവശ്യങ്ങള്‍ പോലീസ് ജില്ലാ നേതൃത്വത്തിനെ അറിയിച്ച്‌ പരിഹരിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി ഓണം, വിഷു, ദീപാവലി , പൊങ്കല്‍ ആഘോഷങ്ങളില്‍ സമ്മാനങ്ങളുമായി പോലീസെത്തും. താഴെ നാടുകാണി പോലുള്ള ഗ്രാമങ്ങള്‍ ഇതിനകം പോലീസ് ദത്തെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *