KOYILANDY DIARY

The Perfect News Portal

പുന്നപ്ര-വയലാര്‍ സമരത്തിലെ പ്രായം കുറഞ്ഞ പ്രതി, വിപ്ലവ ഗായിക അനസൂയ അന്തരിച്ചു

ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയും വിപ്ലവ ഗായികയുമായ അനസൂയ (84) അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളാല്‍ ഇന്ന്‌ രാവിലെയാണ്‌ അന്ത്യം. കേസില്‍പെടുത്തുമ്പോള്‍ 12 വയസായിരുന്നു അനസൂയയുടെ പ്രായം. തുടര്‍ന്ന് കോട്ടയത്ത് ഒളിവ് ജീവിതം. പതിനൊന്നു മാസം ഒളിവില്‍ കഴിഞ്ഞു. പുന്നപ്രവയലാര്‍ സമരഭടനായിരുന്ന പരേതനായ കൃഷ്‌ണനാണ്‌ ഭര്‍ത്താവ്‌. എട്ടുമക്കളുണ്ട്‌. മകള്‍ കവിതയെക്കാപ്പം തുമ്പോളിയിലെ കൊടി വീട്ടില്‍ പുരയിടത്തിലെ വീട്ടിലാണ് താമസിച്ചിരുന്നത്‌.

അഞ്ചു വയസു തികയും മുന്‍പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദികളിലെത്തിയ ആളാണ് അനസൂയ.യോഗം തുടങ്ങും മുന്‍പ് അനസൂയയുടെ ഗാനാലാപനം ഉണ്ടാകും. പാട്ടു കേട്ടാണ് യോഗത്തില്‍ ആളു കൂടുക. ക്രമേണ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായി. ആദ്യകാല നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവം. പാട്ടിലൂടെയാണ്‌ പാര്‍ടിയിലെത്തിയത്‌. സഖാവ് പി കൃഷ്‌ണപിള്ള മരിച്ചശേഷമുള്ള അനുശോചന യോഗത്തില്‍ അന്ത്യാഭിവാദ്യ ഗാനം നിറകണ്ണുകളോടെ പാടിയത് അനസൂയയായിരുന്നു.

വരും തലമുറയുടെ സ്വാതന്ത്ര്യത്തിനായി നാസ്വാര്‍ത്ഥരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതുമെല്ലാം വിവരിക്കുമ്ബോള്‍ അനസൂയയെന്ന വിപ്ലവകാരി എണ്‍പതുകളിലും പ്രായം മറക്കാറുണ്ട്‌.

Advertisements

തിരുവിതാംകൂര്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ രൂപം നല്‍കിയ ‘കലാകേന്ദ്ര’ത്തില്‍ സജീവമായി.രാമന്‍കുട്ടി ആശാന്‍, സുദന്‍ ആശാന്‍, ശാരംഗ’പാണി, പി.കെ മേദിനി, ബേബി, ചെല്ലമ്മ, വിജയന്‍ എന്നിവരോടൊപ്പം പടപ്പാട്ടുകള്‍ പാടി.

സമരത്തില്‍ പങ്കെടുക്കാന്‍ പോയ വളണ്ടിയേഴ്സിന് അലക് ചെത്തിമിനുക്കികുന്തമുണ്ടാക്കിയത്, അനസൂയയുടെ കാഞ്ഞിരം ചിറയിലെ ആഞ്ഞിലിപ്പറമ്ബ് വീട്ടിലായിരുന്നു. സമരത്തെ തുടര്‍ന്ന് അനസൂയയും കേസില്‍ പ്രതിയായി. പുതിയ തലമുറയ്ക്ക് ഇന്നുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തത് പുന്നപ്ര-വയലാര്‍ സമരം തന്നെയാണന്ന് അനസൂയ പറയുമായിരുന്നു.

കുറ്റം: രാജ ഭരണത്തി നെതിരായ കലാപം. പ്രതി: ആലപ്പുഴ പാലച്ചുവട് ആഞ്ഞിലിപ്പുറത്ത് വേലായുധന്‍ മകള്‍ അനസൂയ. പ്രായം: 12 വയസ്സ്

 

 

Leave a Reply

Your email address will not be published. Required fields are marked *