KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ തിരുവാതിരക്കളി ശില്പശാലയും, ആഘോഷവും

കൊയിലാണ്ടി: തിരുവാതിര ദിനമായ ഡിസബർ 20 ന്  രാവിലെ 9 മണി മുതൽ കൊല്ലം പഷാരികാവിൽ വെച്ച് അഖില കേരള തിരുവാതിരക്കളി ശില്പശാലയും തിരുവാതിരക്കളി ആഘോഷവും നടക്കും. തിരുവാതിരക്കളിയുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള പ്രാദേശികമായി വൈവിധ്യങ്ങൾ പരിചയപ്പെടുത്തുകയും തിരുവാതിരക്കളി അവതരണത്തിലെ ശൈലീ ഭേദങ്ങൾ ചർച്ച ചെയ്ത് ഏകീകരിക്കുകയും ചെയ്യുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. തിരുവാതിരക്കളി – ആചാരാനുഷ്ഠാനങ്ങൾ, പാട്ടുകളിലെ കലാ സൗന്ദര്യം, ചുവടുകളും സവിശേഷതകളും, വേഷവിധാനം, തിരുവാതിരക്കളി അന്നും ഇന്നും, കലോത്സവങ്ങളിലെ അവതരണം തുടങ്ങിയ വിഷയങ്ങളിൽ തിരുവാതിരക്കളി രംഗത്തെ പ്രഗത്ഭർ പ്രബന്ധാവതരണം നടത്തും. തുടർന്ന് ശൈലീ ഭേദങ്ങൾ ഏകീകരിച്ച് തിരുവാതിരക്കളി അവതരണവും ഉണ്ടായിരിക്കും.

കേരള സംഗീത – നാടക അക്കാദമി സിക്രട്ടറി ഡോ: പ്രഭാകരൻ പഴശ്ശി ശില്പശാല ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി ഭദ്രദീപം കൊളുത്തും. ചടങ്ങിൽ പത്മശ്രീ മീനാക്ഷി ഗുരിക്കൾ മുഖ്യാതിഥിയാവും.മുൻ ഫോക് ലോർ അക്കാദമി സിക്രട്ടറിയും സ്കൂൾ ഓഫ് ഡ്രാമ ഡയരക്റ്ററുമായിരുന്ന ഡോ: ഏ കെ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ അദ്ധ്യക്ഷത വഹിക്കും. തിരുവാതിരക്കളി രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയവരെ ചടങ്ങിൽ ആദരിക്കും വൈകീട്ട് 5 ന് ഇല്ലിക്കെട്ട് നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും തിരുവാതിരക്കളി അവതരണവും ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.

യോഗത്തിൽ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ, എക്സി:ഓഫീസർ കെ വേണു, ശില്പശാല കോ-ഓർഡിനേറ്റർ സുവർണ്ണചന്ദ്രോത്ത്, ഇളയിടത്ത് വേണുഗോപാൽ, പ്രമോദ് തുന്നോത്ത്, എ പി സുധീഷ്, വി പി ഭാസ്ക്കരൻ, അനിൽകുമാർ ചെട്ടിമഠം എന്നിവർ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *