KOYILANDY DIARY

The Perfect News Portal

പിഷാരികാവില്‍ നാളെ കാളിയാട്ടം

കൊയിലാണ്ടി; പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച്‌ നാടും നഗരവും ഉത്സവ ലഹരിയിലമര്‍ന്നു. ഇന്നലെ ചെറിയവിളക്ക് ദിവസം കാലത്ത് കാഴ്ചശീവേലിക്ക് ശേഷം കോമത്ത് പോക്ക് ചടങ്ങ് നടന്നു.   വൈകീട്ട് നടന്ന കാഴ്ചശീവേലിയില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മേളപ്രമാണത്തില്‍ നടന്ന പാണ്ടിമേളം ആയിരക്കണക്കിന് ഭക്തജനങ്ങളെ മേളവിസ്മയത്തിലാറാടിച്ചു.
രാത്രി കാഞ്ഞിലശ്ശേരി പത്മനാഭന്റെ തായമ്പകയും പ്രശസ്ത പിന്നണി ഗായകന്‍ നിഖില്‍രാജും മഞ്ജുഷയും നയിച്ച ഗാനമേളയും നടന്നു. ഇന്ന് വലിയവിളക്കിനോടനുബന്ധിച്ച് കാലത്ത് കാഴ്ചശീവേലിക്ക് ശേഷം മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ക്കുലവരവിനും വസൂരിമാല വരവിനും ശേഷം 3 മണി മുതല്‍ താലൂക്കിന്റ വിവിധ പ്രദേശങ്ങളില്‍ നിന്നും അവകാശ ആഘോഷ വരവുകള്‍ ക്ഷോത്രാങ്കണത്തില്‍ എത്തിച്ചേരും.
വൈകീട്ട് കാഴ്ചശീവേലി,വി.എസ്.രമ്യയുടെ ഗസല്‍ സന്ധ്യ എന്നിവക്ക് ശേഷം രാത്രി 11 മണിയോടെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളിക്കും. പ്രശസ്ത വാദ്യകുലപതികളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വാദ്യമേളക്കാര്‍, കൊല്ലത്ത് നിന്ന് വരുന്ന ചെട്ടിമാര്‍, തെയ്യമ്പാടി കുറുപ്പ്, വെളിച്ചപ്പാടുകള്‍, ഗജവീരന്മാര്‍ എന്നിവരുടെ അകമ്പടിയോടെ നാനാ ജാതിക്കാരുടെ അവകാശ പങ്കാളിത്തത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് എഴുന്നള്ളിക്കുന്ന നാന്ദകം പുലര്‍ച്ചെ വാളകം കൂടും. നാളെ മഹോത്സവത്തിന് സമാപ്തികുറിച്ചു കുറിച്ചുകൊണ്ട് കാളിയാട്ടം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *