പിന്നോട്ട് നടന്ന് പ്രതിഷേധിച്ചു

സുൽത്താൻ ബത്തേരി : ഭരണത്തിലേറുന്നവർ ജനങ്ങളുടെ വികാരം മാനിക്കാതെ പോകുന്നതാണ് വയനാട് ജില്ല പിന്നോട്ടു പോകാൻ കാരണമെന്ന് മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് ആരോപിച്ചു. വയനാട് എക്യുമെനിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ നിലമ്പൂർ-വയനാട്- നഞ്ചൻകോട് പാതയോടുള്ള അവഗണനക്കെതിരെ ബത്തേരിയിൽ നടത്തിയ പിന്നോക്ക യാത്രയുടെ ഭാഗമായി സ്വതന്ത്രമൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
റെയിൽവേയുടെ കാര്യത്തിലും, രാത്രികാല ഗതാഗതം നിരോധിച്ചതിന്റെയും പേരിൽ ഉണ്ടായ ജനവികാരം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. രാത്രികാല ഗതാഗത നിരോധനം പിൻവലിപ്പിക്കുന്നതിനും റെയിൽവേ കൊണ്ടുവരുന്നതിനും ഇവിടെ ഒരു പാർട്ടിക്കാരും എതിരല്ലന്ന് പറയുന്നു, പിന്നെ ആരാണ് എതിര്. രാത്രികാല ഗതാഗത നിരോധനം പിൻവലിക്കുകയും വയനാട്ടിൽ റെയിൽവേ വരികയും ചെയ്താൽ വയനാട് മുന്നോട്ട് കുതിക്കും ഇത് പാടില്ല എന്ന് കരുതുന്നവരാണ് തടസം നിൽക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു. ഫാ.പോൾ കോടാന്നൂർ അദ്ധ്യക്ഷത വഹിച്ചു.

